ഗുരുവായൂർ: മമ്മിയൂർ മഹാദേവക്ഷേത്രത്തിലെ മൂന്നാം അതിരുദ്ര മഹായജ്ഞത്തിന് ഈ മാസം 27 ന് തുടക്കമാകുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 6 വരെയാണ് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നാം അതിരുദ്ര മഹായജ്ഞം നടക്കുക. യജ്ഞ ശാലയിലെ 11 ഖണ്ഡങ്ങളിൽ ഒന്നിൽ 11 എന്ന കണക്കിൽ 121 കലശങ്ങളിൽ പാൽ, തൈര്, നെയ്യ്, തേൻ, പഞ്ചഗവ്യം, ചെറുനാരങ്ങാ നീർ, കരിമ്പിൻ നീര്, ഇളനീർ, നല്ലെണ്ണ, പഞ്ചാമൃതം, അഷ്ടഗന്ധജലം എന്നീ ദ്രവ്യങ്ങൾ നിറച്ച് ഓരോ ഖണ്ഡത്തിലും 11 കലശങ്ങൾക്ക് ചുറ്റും 11 വീതം വേദജ്ഞർ ഇരുന്ന് ശ്രീരുദ്രജപം പൂർത്തിയാക്കി മഹാദേവന് അഭിഷേകം ചെയ്യും. 11 ാം ദിവസം യജ്ഞശാലയിലെ ഹോമകുണ്ഡത്തിൽ നെയ്യ് ധാര മുറിയാതെ ഹോമിക്കുന്ന വാർധാരയോടെ യജ്ഞത്തിന് സമാപനമാകും. അതിരുദ്രമഹായജ്ഞത്തോടനുബന്ധിച്ച് 11 ദിവസങ്ങിലും പ്രത്യേകം തയ്യാറാക്കിയ ദേവദിയിൽ രാവിലെ 9 മുതൽ ഭക്തി പ്രഭാഷണം, പാഠകം, ചാക്യാർക്കൂത്ത്, ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിവയും വൈകീട്ട് 4.30 മുതൽ വിവിധ കലാപരിപാടികളും ഒരിക്കിയിട്ടുണ്ട്. യജ്ഞദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രത്യേക പ്രസാദ ഊട്ടും ഉണ്ടാകും. അതിരുദ്രമഹായജ്ഞത്തോടുനബന്ധിച്ച് 27 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ ക്ഷേത്ര സംസ്‌കാരവും ഭാരതീയ വിജ്ഞയാന പാരമ്പര്യവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും. 26 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക ചടങ്ങുകളുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും ദേശീയ സെമിനാറിന്റെ ഉദ്ഘാടനം പ്രശസ്ത കവി പ്രൊഫ : വി. മധുസൂദനൻ നായരും നിർവഹിക്കും. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ അദ്ധ്യക്ഷനാകും. ചടങ്ങിൽ വേദപണ്ഡിത പുരസ്‌കാരം നാറാത്ത് രവീന്ദ്രൻ നമ്പൂതിരി, സംസ്‌കൃത പണ്ഡിത പുരസ്‌കാരം വി.രാമകൃഷ്ണ ഭട്ട്, ക്ഷേത്രകലാ പുരസ്‌കാരം മാങ്ങോട് അപ്പുണ്ണി തരകൻ എന്നിവർക്ക് സമ്മാനിക്കും. 10, 000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 6 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ, ബോർഡ് അംഗങ്ങളായ കെ.കെ. ഗോവിന്ദ ദാസ്, പി.സുനിൽകുമാർ, ചെറുതയൂർ ഉണ്ണിക്കൃഷ്ണൻ, എക്‌സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.