കയ്പമംഗലം: ലോകത്തെ ഏത് രാജ്യത്തിന്റെയും പതാക കാട്ടിക്കൊടുത്താൽ നിമിഷങ്ങൾക്കകം മുഹമ്മദ് ബിഷർ ഉത്തരം പറയും. അതും കൃത്യമായിത്തന്നെ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ ഒന്നാം ക്ലാസുകാരനായ ഈ കൊച്ചുമിടുക്കൻ ഇങ്ങനെ സ്വന്തം പേരിൽ ചേർത്തത് നിരവധി റെക്കാഡുകൾ. ഒരു മിനിറ്റും 15 സെക്കന്റും കൊണ്ട് 195 രാജ്യങ്ങളുടെ പതാകകളുടെ പേര് പറഞ്ഞ് മുഹമ്മദ് ബിഷർ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്, ഇന്റർനാഷ്ണൽ വേൾഡ് റെക്കാഡ് എന്നിവ കരസ്ഥമാക്കി. ഒരു മിനുട്ട് 16 സെക്കന്റിൽ രാജസ്ഥാൻ സ്വദേശി കൈവരിച്ച റെക്കാഡാണ് ഇതോടെ പഴംകഥയായത്.
സർട്ടിഫിക്കറ്റ്, ബുക്ക്, പെൻ, റെക്കാഡുകളുടെ ഐഡന്റിറ്റി കാർഡുകൾ, മെഡലുകൾ എന്നിവ റെക്കാഡിന്റെ ഭാഗമായി മുഹമ്മദ് ബിഷറിന് ലഭിച്ചു. കയ്പമംഗലം എ.പി.ജെ അബ്ദുൽ കലാം റോഡ് നിവാസി കൂട്ടായ്മ അംഗം പൊന്നാത്ത് ഷാജി - ഫാസില ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ് മുഹമ്മദ് ബിഷർ. കൊവിഡ് കാലമായപ്പോൾ മൊബൈൽ ഫോണിന്റെയും ടി.വിയുടെയും ഉപയോഗം വദ്ധിച്ചപ്പോൾ അത് ലഘൂകരിക്കാനായി മാതാവായ ഫാസിലയാണ് ലോക രാജ്യങ്ങളുടെ പതാകകൾ കാണിച്ച് രാജ്യങ്ങളുടെ പേര് പറയാൻ പരിശീലിപ്പിച്ചത്. അവയെല്ലാം എളുപ്പത്തിൽ മുഹമ്മദ് ബിഷർ മനസിലാക്കുകയായിരുന്നു. കാണിക്കുന്ന രാജ്യങ്ങളുടെ പതാകകളെല്ലാം കൃത്യമായി പറയാൻ തുടങ്ങിയപ്പോഴാണ് റെക്കാഡിനായി അയച്ചുനൽകിയത്. ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളെക്കുറിച്ച് നിരവധി കാര്യങ്ങൾ പഠിപ്പിക്കാനൊരുങ്ങുകയാണ് മുഹമ്മദ് ബിഷറിന്റെ മാതാപിതാക്കൾ.
സമ്മാനങ്ങളുമായി മുഹമ്മദ് ബിഷർ കുടുംബത്തോടെ.