1

ചേർപ്പ്: പിതാവിനെ നഷ്ടമാകുകയും കൊലക്കേസിൽ അമ്മ ജയിലിലാകുകയും ചെയ്തതോടെ ആരുമില്ലാതായി രണ്ട് കുരുന്നുകൾ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബംഗാൾ ഹുബ്ലി ഫരീദ്പൂർ സ്വദേശി മൻസൂർ മാലിക്കിന്റെ മക്കളായ മേഘ് രാജ് മാലിക്കിനും (12), ജോസ് മീ മാലിക്കിനും (7) ഇനി അഭയം രാമവർമ്മപുരത്തെ ചൈൽഡ് ലൈനിൽ.

ചേർപ്പ് സി.എൻ.എൻ സ്‌കൂളിലെ വിദ്യാർത്ഥികളായ ഇരുവരും മലയാള മീഡിയത്തിലാണ് പഠിക്കുന്നത്. ഭർത്താവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് ആദ്യം പൊലീസിൽ കുറ്റസമ്മതം നടത്തിയത് മുതൽ രേഷ്മാ ബീവി പൊലീസ് കസ്റ്റഡിയിലായതോടെയാണ് കുട്ടികളെ ചൈൽഡ് ലൈനിലേക്ക് മാറ്റിയത്. അവിടെ ഇരുവരും കരഞ്ഞുകലങ്ങിയ കണ്ണുമായി മറ്റുള്ളവരുടെ ആശ്വാസവാക്കുകൾ കേട്ട് കഴിയുകയാണ്.

ചൈൽഡ് ലൈനിന്റെ നിയമ പ്രകാരം ഉറ്റബന്ധുക്കൾ ആവശ്യമായ രേഖകളുമായി എത്തിയാൽ കോടതിയുടെ അനുമതിയോടെ അവർക്കൊപ്പം അയക്കുമെന്ന് ചൈൽഡ് ലൈൻ കമ്മിറ്റി ചെയർമാൻ ഡോ. കെ.ജി. വിശ്വനാഥൻ പറഞ്ഞു. എന്നാൽ കൊലാപാതകത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളിൽ നിന്ന് കൂടുതൽ മൊഴി എടുക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ആദ്യം കാമുകനെ രക്ഷിക്കാൻ സ്വയം കുറ്റമേറ്റെടുത്ത രേഷ്മ ബീവിയുടെ തന്ത്രങ്ങൾ വിശദമായ ചോദ്യം ചെയ്യലിൽ പൊളിയുകയായിരുന്നു. കാമുകനായ ബീരുവുമായി ഏറെനാളായി രേഷ്മ പ്രണയത്തിലായിരുന്നു. ഇത് മൻസൂർ മാലിക്ക് തിരിച്ചറിഞ്ഞിരുന്നതായും സൂചനയുണ്ട്. ഇതിനിടെ മൻസൂറിനെ ഉപേക്ഷിച്ച് കുട്ടികളുമായി മറ്റൊരു സ്ഥലത്ത് താമസിക്കുന്നതിന് പദ്ധതി തയ്യാറാക്കിയെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. പിന്നീടാണ് ഇരുവരും ചേർന്ന് മൻസൂറിനെ കൊലപ്പെടുത്തുന്നതിന് തീരുമാനിച്ചത്.

മൻസൂർ മദ്യപിച്ച് ഭാര്യയുമായി നിരന്തരം വഴക്കിട്ടതിനെ തുടർന്ന് എതാനും നാളുകൾക്ക് മുമ്പ് നാട്ടിൽ നിന്ന് ബന്ധുക്കളെത്തി രമ്യതയിൽ എത്തിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. മൻസൂറുമായുള്ള പ്രശ്‌നങ്ങൾ ബീരുമായി രേഷ്മ പങ്കുവച്ചിരുന്നു. ഇത് മുതലെടുത്താണ് ബീരു രേഷ്മയുമായി അടുപ്പം കൂടിയത്. ഇത് പിന്നീട് പ്രണയമായി.

സ്വർണ്ണപണിക്കാരാനായ മൻസൂർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിനടുത്ത് നാലു സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. ഇതിന്റെ രജിസ്‌ട്രേഷൻ കാര്യങ്ങൾ അടുത്തിടെയാണ് പൂർത്തിയായത്. ഇവിടെ സ്വന്തമായി വീടു വയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ഭാര്യയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായത്.