അതിരപ്പിള്ളി: അറ്റകുറ്റപ്പണികൾ നടത്തിയിട്ട് ഏറെക്കാലമായ ലയങ്ങൾ, പൊട്ടിപ്പൊളിഞ്ഞ ശൗചാലയങ്ങൾ, സുരക്ഷിതിത്വം ഒട്ടുമില്ലാത്ത താമസവും. മലക്കപ്പാറയിലെ ആയിരത്തിയഞ്ഞൂറോളം വരുന്ന തോട്ടം തൊഴിലാളികളുടെ ദുരവസ്ഥ ഇങ്ങനെ. ഇവർക്ക് ദിവസേന ലഭിക്കുന്ന കൂലിയാണെങ്കിലോ 378 രൂപ മാത്രം. ടാറ്റ ടീ എസ്റ്റേറ്റ് മാനേജ്‌മെന്റ് ഏറെക്കാലമായി തുടർന്ന് വരുന്ന കണ്ണിൽ ചോരയില്ലാത്ത നിലപാടിൽ മനം മടുത്ത തോട്ടം തൊഴിലാളികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. തോട്ടം തൊഴിലാളി ലേബർ യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിന് തീരുമാനവും കൈക്കൊണ്ടു. തേയിലത്തോട്ടങ്ങളിൽ മരുന്നടിക്കുന്നവർക്ക് വർഷത്തിൽ ഒരു മാസ്്ക്കാണ് കൊടുക്കുന്നതത്രെ. കുടിവെള്ളത്തിന്റെ കാര്യവും തഥൈവ. രാവിലെയും വൈകീട്ടും ഒരു മണിക്കൂർ മാത്രം എത്തുന്ന വെള്ളത്താൽ ഇവർ എല്ലാ കാര്യങ്ങളും നിറവേറ്റണം. തോട്ടങ്ങളിലെ റോഡുകൾ കമ്പനിയാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. എന്നാൽ അങ്ങനെയൊരു കരാർ ഉണ്ടെന്നെ കാര്യം പോലും മാനേജ്‌മെന്റ് മറന്ന മട്ടാണ്.
ഇതിനിടെ വന്യമൃഗങ്ങളുടെ നിരന്തര ശല്യവും. എല്ലാ വിധത്തിലും പൊറുതി മുട്ടിയ തൊഴിലാളികൾ ഒരു ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന യൂണിയൻ ജനറൽ ബോഡി യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.ബി. പ്രേമനാഥ്, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് തുടങ്ങിയവർ പങ്കെടുത്തു.


തോട്ടം തൊഴിലാളികളുടെ എണ്ണം. 1500.

ഝാർഖണ്ഡ് സ്വദേശികൾ മുന്നൂറോളം

കറന്റ് ചാർജ് ഇനത്തിൽ തൊഴിലാളികളിൽ നിന്നും പിടിക്കുന്നത് പ്രതിമാസം നാലായിരത്തോളം രൂപ.

പൂട്ടികിടക്കുന്ന ലയങ്ങളുടെ വൈദ്യുതി ചാർജും തങ്ങൾ കൊടുക്കേണ്ടി വരുന്നുണ്ടെന്ന് തൊഴിലാളികൾ.