കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം പതിവുപോലെ ആഘോഷിക്കാൻ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താലപ്പൊലി ആഘോഷത്തിന്റെ പ്രധാന ചടങ്ങായ പകൽ – രാത്രി എഴുന്നള്ളിപ്പുകളും മറ്റു പരമ്പരാഗത ചടങ്ങുകളും നടത്തും. ഒമ്പത് ആനകളെ എഴുന്നള്ളിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം പരമ്പരാഗത ചടങ്ങുകൾക്ക് പ്രാധാന്യം നൽകിയാണ് താലപ്പൊലി ആഘോഷിച്ചത്.

എഴുന്നള്ളിപ്പ് തുടങ്ങുന്ന കുരുംബ അമ്മയുടെ നടയിൽ നിന്ന് അഞ്ച് ആനയെ എഴുന്നള്ളിക്കും. ദേവസ്വം - റവന്യു - പൊലീസ് ഉദ്യോഗസ്ഥ യോഗം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊലീസ് സുരക്ഷ ശക്തമാക്കാനും പ്രധാന സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ബാറുകൾ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷനായി. ദേവസ്വം സെക്രട്ടറി പി.ഡി. ശോഭന, കമ്മിഷണർ എൻ. ജ്യോതിലക്ഷ്മി, തഹസിൽദാർ കെ. രേവ, അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ എം.ആർ. മിനി, നഗരസഭ അദ്ധ്യക്ഷ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സി.ഐ: ബ്രിജുകുമാർ എന്നിവർ പ്രസംഗിച്ചു.