tomato-

തൃശൂർ: പച്ചക്കറി വിലക്കയറ്റം തടയാൻ ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാൻ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ ഹോർട്ടികോർപ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും.
ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മൈസൂർ, തിരുന്നെൽവേലി തുടങ്ങിയ സ്ഥലങ്ങളിലും മൂന്നാറിലുമുള്ള കാർഷികക്കൂട്ടായ്മകളുമായും കർഷക ഫെഡറേഷനുമായും സഹകരിക്കാനാണ് ഒരുങ്ങുന്നത്. തമിഴ്‌നാട്ടിലെ അഗ്രി മാർക്കറ്റിംഗ് വകുപ്പ് നിശ്ചയിക്കുന്ന മൊത്തവിലയ്ക്ക് പച്ചക്കറി സംഭരിക്കാനാകും. 11 മാസം പച്ചക്കറി സംഭരിക്കാനുള്ള താത്കാലിക ധാരണാപത്രമാണ് കർഷക പ്രതിനിധികളുമായി ഒപ്പിട്ടത്. പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പുവരുത്തി അടുത്തദിവസം കേരളത്തിലെത്തിക്കും. പലയിടങ്ങളിലും സ്ഥിരം സംഭരണ യൂണിറ്റും സ്ഥാപിക്കും. കൃഷിവകുപ്പ് നിശ്ചയിക്കുന്ന വിപണിവില അനുസരിച്ചാകും പച്ചക്കറികൾ കർഷകരിൽ നിന്ന് ശേഖരിക്കുക. സംസ്ഥാനത്തെ പച്ചക്കറികളുടെ വില വർദ്ധന നിയന്ത്രിക്കാനായി കൃഷി വകുപ്പ് നടപ്പിലാക്കിയ തക്കാളി വണ്ടി ആശ്വാസമായിരുന്നു.

ആശ്വാസം തക്കാളിവണ്ടി

ന്യായവിലയിൽ പച്ചക്കറികൾ നേരിട്ട് കർഷകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് എന്ന ലക്ഷ്യത്തോടെയുള്ള വിപണി ഇടപെടലുകളുടെ ഭാഗമായി തൃശൂർ ജില്ലയിൽ രണ്ട് സഞ്ചരിക്കുന്ന പച്ചക്കറിവിൽപ്പന ശാലകൾ പ്രവർത്തനമാരംഭിച്ചു. ജനുവരി ഒന്ന് വരെ ഈ വിൽപ്പനശാലകൾ എല്ലാ നിയോജക മണ്ഡലങ്ങളിലും മുൻ നിശ്ചയിച്ച തീയതി പ്രകാരമെത്തും. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ കർഷകരിൽ നിന്ന് സംഭരിച്ചും മറുനാടൻ പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന സംഭരിച്ചുമാണ് വിൽപ്പന. പ്രാദേശിക വിപണിയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഈ സഞ്ചരിക്കുന്ന വാഹനങ്ങളിൽ വിൽപ്പന നടക്കുന്നത്. മറ്റ് വിവിധ കേന്ദ്രങ്ങൾ വഴിയും കർഷകരുടെ ഉൽപന്നങ്ങൾ സംഭരിച്ച് പ്രാദേശിക മാർക്കറ്റിനേക്കാൾ വിലകുറച്ച് വിൽപന നടത്തുന്നുണ്ട്.

ഉണർന്ന് സർക്കാർ സംവിധാനം

പച്ചക്കറികേന്ദ്രങ്ങൾ: 150

ഇക്കോ ഷോപ്പുകൾ
ആഴ്ച ചന്തകൾ
ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റ്
വി.എഫ്.പി.സി.കെ റീടൈൽ ഔട്ട്‌ലെറ്റുകൾ,

ന്യായവിലയ്ക്ക് പലചരക്ക്

ക്രിസ്മസ് പുതുവത്സര നാളുകളിൽ ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ പ്രത്യേക സ്റ്റാൾ ഒരുക്കി. തൃശൂർ തേക്കിൻകാട് തെക്കേ ഗോപുരനടയിലാണ് സപ്ലൈകോയുടെ വിൽപ്പന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ഡിസംബർ 20 മുതൽ ജനുവരി 5 വരെ പ്രവർത്തിക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാണ് സപ്ലൈകോ വിപണി കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

വില താഴ്ത്തൽ ഉദ്യമം

സപ്ലൈകോ വിലക്കിഴിവ്:
5% മുതൽ 30% വരെ

ഹോർട്ടികോർപ്പ് വില

മുരിങ്ങ 225
കാപ്‌സിക്കം 90
വെണ്ട 65
കൊത്തമര 64

തക്കാളി 48
നേന്ത്രക്കായ് 40
ഇളവൻ 35
ചേന 21