
തൃശൂർ: രാത്രിയിലും പോസ്റ്റ് മോർട്ടം നടത്തണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും നടപ്പാക്കാനുള്ള സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് സർക്കാർ ആശുപത്രികൾ. ഫോറൻസിക് ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവാണ് ഏറ്റവും വലിയ പ്രശ്‌നം.
സർക്കാർ മേഖലയിൽ ഫോറൻസിക് ഡോക്ടർമാരുടെ എണ്ണം കുറവാണ്. ഉള്ളവരാവട്ടെ പരിമിത സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ യാത്രകളുടെ ചെലവ് സ്വന്തം കൈയിൽ നിന്ന് വഹിക്കേണ്ട ഗതികേടും ഇവർക്കുണ്ട്. 20 കൊല്ലമായി ടി.എ, ഡി.എ എന്നിവ ലഭിക്കാറില്ലെന്ന് അവർ പറയുന്നു. പലയിടത്തും ഫോറൻസിക് യൂണിറ്റിന് വാഹനമില്ല. എല്ലാ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രികളിലും ക്ലിനിക്കൽ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെന്റുകൾ സ്ഥാപിച്ചാലേ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെ 24 മണിക്കൂർ സേവനം ഉറപ്പാക്കാൻ കഴിയുകയുള്ളൂവെന്ന് മെഡിക്കോ ലീഗൽ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
അതുപോലെ, മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല. വളരെ ശ്രദ്ധാപൂർവം നടത്തേണ്ട ക്രിമിനൽ നടപടിക്രമമാണ് പോസ്റ്റ്‌മോർട്ടം. ധൃതിയിൽ ചെയ്താൽ പ്രധാന തെളിവുകൾ നഷ്ടപ്പെടാം. പോസ്റ്റ്‌മോർട്ടത്തിലെ കുറവുകൾ കേസിനെ സാരമായി ബാധിക്കുന്നുവെന്ന് വിവിധ കേസുകളുടെ വിധികളിൽ കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശിശുരോഗ, ത്വക്ക് രോഗ വിദഗ്ദ്ധരെ പോലുള്ളവർ നടത്തുന്ന പരിശോധനയിലൂടെ യഥാർത്ഥ മരണകാരണം നിർണ്ണയിക്കാനോ തെളിവ് ശേഖരിക്കാനോ കഴിയില്ല. സൂക്ഷ്മ പരിശോധനയിൽ കിട്ടിയ തെളിവ് കോടതിയെ ബോദ്ധ്യപ്പെടുത്തുകയും വേണം. ഫോറൻസിക് മെഡിസിനിൽ ബിരുദാനന്തര ബിരുദം കഴിഞ്ഞവർ മാത്രമേ പോസ്റ്റ്‌മോർട്ടം നടത്താവൂ എന്ന നിയമത്തിലും മാറ്റം വരുത്തണമെന്ന് അവർ ആവശ്യപ്പെടുന്നു.
ജോലി ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. സൗകര്യങ്ങളില്ലാതെ രാത്രികാല പോസ്റ്റ്‌മോർട്ടം എങ്ങനെ നടത്താൻ കഴിയുമെന്നതാണ് പ്രശ്‌നം. ഇതിന് അടിയന്തരമായി പരിഹാരം കാണണം.
ഡോ. ഹിതേഷ് ശങ്കർ
സംസ്ഥാന സെക്രട്ടറി
മെഡിക്കോ ലീഗൽ സൊസൈറ്റി