
തൃശൂർ: യുവാക്കൾക്ക് വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് വേദിയൊരുക്കി തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. തൃശൂർ സെന്റ് തോമസ് കോളേജുമായി ഒരുക്കിയ മെഗാ ജോബ് ഫെയറിൽ 847 പേർക്ക് ജോലി ലഭിച്ചു. 1,635 പേർ വിവിധ കമ്പനികളുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടു. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. 6,531 ഉദ്യോഗാർത്ഥികൾ മെഗാ ജോബ് ഫെയറിൽ പങ്കെടുത്തു. എൻജിനീയറിംഗ്, ടെക്‌നോളജി ഐ.ടി, ആരോഗ്യം, ടൂറിസം, കോമേഴ്‌സ് ആൻഡ് ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ അഡ്വർടൈസിംഗ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 72 സ്ഥാപനങ്ങളിൽ നിന്നും പ്രതിനിധികൾ ജോബ് ഫെയറിനെത്തി. 3281 അവസരങ്ങൾ ലിസ്റ്റ് ചെയ്തിരുന്നു.
ടി.വി പോളിയെ ആദരിക്കും
തൃശൂർ : ബോഡി ബിൽഡിംഗ് അസോസിയേഷനും അളഗപ്പ നഗർ പഞ്ചായത്തും പൗരാവലിയും ചേർന്ന് ഇന്ത്യൻ ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി.വി. പോളിയെ ആദരിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 23 ന് വൈകീട്ട് അഞ്ചിന് അളഗപ്പ നഗർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുമോദന ചടങ്ങ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.ഡി.എം റെജി പി. ജോസഫ് മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ ശശി അയ്യഞ്ചിറ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, കെ.ആർ. അമർനാഥ്, കെകെ. രാജൻ, സുഭാഷ് ഞാറ്റുവെട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
244 പേർക്ക് കൊവിഡ്
തൃശൂർ : 244 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 363 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,396 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,48,492 ആണ്. 5,43,319 പേരാണ് ആകെ രോഗമുക്തരായത്.