 മണലൂർ സബ്ബ് ട്രഷറി
മണലൂർ സബ്ബ് ട്രഷറി
പൊതുമരാമത്ത് ഫിറ്റനസ് സർട്ടിഫിറ്റ് നൽകിയില്ല
കാഞ്ഞാണി: പൊതുമരാമത്ത് വകുപ്പ് ഫിറ്റനസ് സർട്ടിഫിറ്റ് നൽകാത്തതിനെതുടർന്ന് മണലൂർ സബ്ബ് ട്രഷറി സുരക്ഷാ ഭീഷണിയിൽ. പഞ്ചായത്ത് ഓഫീസിന് പിന്നിലെ കാലപ്പഴക്കമേറിയതും ബലക്ഷയം സംഭവിച്ചതുമായ കെട്ടിടത്തിലെ മുറിക്കുള്ളിലാണ് കഴിഞ്ഞ 17 വർഷമായി സബ്ബ് ട്രഷറി പ്രവർത്തിക്കുന്നത്. കെട്ടിടത്തിനും സ്‌ട്രോംഗ് റൂമിനും പൊതുമരാമത്ത് അനുശാസിക്കുന്ന സുരക്ഷിതത്വം ഇല്ലാത്തതിനാലാണ് ഫിറ്റനസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നാണ് പറയുന്നത്. ഫിറ്റനസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് സബ്ബ്ട്രഷറി ഇപ്പോഴും പ്രവർത്തിക്കുന്നത്. യാതൊരു സുരക്ഷിതത്വം ഇല്ലാത്ത സ്‌ട്രോംഗ് റൂമിൽ പത്ത് ദിവസം വരെ 25 ലക്ഷം രൂപ വരെ സൂക്ഷിക്കാറുണ്ടെന്ന് ട്രഷറി അധികൃതർ പറഞ്ഞു.
കെട്ടിടത്തിന്റെ ജനവാതിലുകൾ തകർന്നും ചുമരുകളിൽ വിള്ളലുകൾ വീണും തകർച്ചയെ നേരിടുകയാണ്. പതിനാറ് വർഷമായി കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി രാത്രിയും പകലുമായി രണ്ട് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ട്രഷറിയുടെ സുരക്ഷിതത്വം ആശങ്കയിലാണെന്ന് അധികൃതർ പറഞ്ഞു. സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലായി നൂറിൽപ്പരം ആളുകൾ ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്. ഇടുങ്ങിയ കെട്ടിടത്തിൽ ജീവനക്കാർക്ക് നിന്നുതിരിയുവാൻ പോലും കഴിയാത്ത അവസ്ഥയാണ്. അടിസ്ഥാന സൗകര്യങ്ങളും വേണ്ടത്ര സുരക്ഷിതത്വവും ഇല്ലാതെയാണ് കാലങ്ങളായി സബ്ബ് ട്രഷറി ഇവിടെ പ്രവർത്തിച്ചുവരുന്നത്.
സുരക്ഷയിൽ കുടുങ്ങിത്തന്നെ
മുൻ എം.എൽ.എ പോൾസൺ മാസ്റ്ററുടെ ശ്രമഫലമായി 2008ലാണ് പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിൽ സബ്ബ് ട്രഷറി താത്ക്കാലികമായി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ഭരണസമിതി കാലത്ത് കാഞ്ഞാണി പഞ്ചായത്ത് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് ട്രഷറിയുടെ പ്രവർത്തനം മാറ്റാൻ ശ്രമിച്ചെങ്കിലും സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഇവിടെതന്നെ തുടരുകയായിരുന്നു. മാറിമാറി വന്ന ഭരണസമിതി കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ട്രഷറിക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. പഞ്ചായത്തിന് ഫണ്ട് അനുവദിക്കാൻ കഴിയില്ല. വിളക്കുംകാലിന് സമീപമുള്ള റവന്യു വകുപ്പിന്റെ സ്ഥലത്തേക്ക് സബ്ബ്ട്രഷറി മാറ്റണമെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്.
പി.ടി. ജോൺസൺ
പഞ്ചായത്ത് പ്രസിഡന്റ്
സബ്ബ് ട്രഷറി നിലനിൽക്കുന്ന കെട്ടിടത്തിന് സുരക്ഷിതത്വം ഇല്ലാത്തതിനാൽ പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനിയർ ഫിറ്റനസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഇത് സംബന്ധിച്ച് പഞ്ചായത്തിന് കത്ത് നൽകി ഒരുമാസമായിട്ടും മറുപടി തന്നിട്ടില്ല.
എസ്. സുനിൽ കുമാർമണലൂർ സബ്ബ് ട്രഷറി ഓഫീസർ