
തൃശൂർ: ആദിവാസി, ഗോത്ര വിഭാഗങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വനവിസ്തൃതി വർദ്ധിപ്പിച്ച് സംസ്ഥാനത്തെ കാർബൺ മുക്തമാക്കാനുള്ള നടപടികളുമായി സർക്കാർ. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, വനസംരക്ഷണ സമിതികൾ, സ്വയംസഹായ സംഘങ്ങൾ, സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ കോർത്തിണക്കുമെന്ന് മന്ത്രിസഭ അംഗീകരിച്ച നയരേഖയിൽ പറയുന്നു. വന പുനഃസ്ഥാപനത്തിലൂടെ അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറയ്ക്കാനാകും. ഇതിനായി വനത്തിന് പുറത്തും വൃക്ഷാവരണം വർദ്ധിപ്പിക്കും. വിദ്യാലയങ്ങളിലും നഗരങ്ങളിലും തൈകൾ നട്ട് ചെറുവനമുണ്ടാക്കും. സ്വകാര്യഭൂമികളിൽ വൃക്ഷം വളർത്തുന്നത് പ്രോത്സാഹിപ്പിക്കും. ആദിവാസി, ഗോത്രവിഭാഗങ്ങൾ ശേഖരിക്കുന്ന വനവിഭവങ്ങൾ മൂല്യവർദ്ധന വരുത്തി വിപണനം നടത്താനും സൗകര്യമൊരുക്കും. ഇതിലൂടെ തൊഴിലും വരുമാനവും വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുമെന്ന് നയരേഖയിൽ പറയുന്നു.
 വനാതിർത്തി നിർണ്ണയം
വനാതിർത്തി നിർണ്ണയം പൂർത്തിയാക്കി ഡിജിറ്റലൈസ് ചെയ്യുകയും ഇത് റവന്യു രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്യും. കൈയേറ്റം തടയാൻ ഇത് സഹായിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ശോഷിച്ച വനങ്ങളും തേക്കിൻതോട്ടങ്ങളും ഘട്ടംഘട്ടമായി സ്വാഭാവിക വനങ്ങളാക്കും. കൂടാതെ വെട്ടിമാറ്റുന്ന വ്യാവസായിക തോട്ടങ്ങളിലെ ഉരുപ്പടികൾ ചെറുകിട വനാധിഷ്ഠിത വ്യവസായങ്ങൾക്ക് ന്യായ വിലയ്ക്ക് നൽകും. ആ വരുമാനം പരിസ്ഥിതി പുനഃസ്ഥാപനത്തിനും വനവാസികളുടെ ഉന്നമനത്തിനും ഉപയോഗിക്കും.
 ഭൂമി ഏറ്റെടുക്കും
വനത്താൽ ചുറ്റപ്പെട്ടതോ സമീപമുള്ളതോ ആയ സ്വകാര്യസ്ഥലങ്ങളും എസ്റ്റേറ്റുകളും പാരിസ്ഥിതിക പ്രാധാന്യമുള്ള കണ്ടൽക്കാടുകളും വനപുനഃസ്ഥാപനത്തിനായി ഏറ്റെടുക്കും. ഉടമകൾക്ക് നഷ്ടപരിഹാരം നൽകും. വന്യജീവികളുടെ നിലനിൽപ്പിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി തദ്ദേശീയ സസ്യങ്ങൾ നടും. ഭീഷണിയാകുന്ന അക്കേഷ്യ, യൂക്കാലി, മഞ്ഞക്കൊന്ന തുടങ്ങിയവ നശിപ്പിക്കും. കടൽ, നദി, പുഴ എന്നിവയുടെ തീരങ്ങൾ, കാവുകൾ, നീർത്തടങ്ങൾ, നദീതീര വനങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സംരക്ഷിക്കും. ഉൾക്കാടുകളിലെ പ്രകൃതി ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ വനംവകുപ്പിന് ആധുനിക സൗകര്യം നൽകും. പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങും.