
തൃശൂർ: വീട്ടുമുറ്റത്ത് വളർത്തുനായ താഷയ്ക്ക് ശവകുടീരം ഒരുക്കിയ രാജൻ, ആ വിയോഗത്തിന്റെ ഓർമ്മയ്ക്കായി മറ്റൊരു നായയ്ക്ക് നൽകിയത് പതക്കം. പതിനൊന്നാം പിറന്നാളിലാണ് താഷയുടെ സ്മരണാർത്ഥം, ഷെയ്ഡ് എന്ന സിനിമയിലെ നായകനായ അർജുൻ എന്ന നായയോടൊപ്പം ഒരു ദിവസം പങ്കിട്ട്, അർജുന്റെ പേരെഴുതിയ പതക്കം രാജൻ സമ്മാനിച്ചത്. അർജുന്റെ തറവാടായ അവിണിശ്ശേരിയിൽ പ്രതീക് പ്രേംകുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന നായ പരിശീലന കേന്ദ്രമായ 'ബാർക് എൻ ട്രാക് ഗ9' അക്കാഡമിയിലായിരുന്നു കുടുംബാംഗങ്ങളോടൊപ്പം ആദരം.
ഷെയ്ഡ് സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച നടൻ സജീവനും, സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ച തൃശൂർ അവിണിശേരി സ്വദേശി സുധീഷ് ശിവശങ്കരനും പാരിതോഷികങ്ങളും നൽകി. പത്താം പിറന്നാൾ ആഘോഷം ഗംഭീരമാക്കുവാനുള്ള ഒരുക്കത്തിനിടെ കഴിഞ്ഞവർഷം ഡിസംബർ 15 നായിരുന്നു താഷ വിട വാങ്ങിയത്. 22 നായിരുന്നു പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്നത്.
സൗജന്യ ഓൺലൈൻ കോഴ്സ്
തൃശൂർ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇ പഠന കേന്ദ്രം വഴി നടപ്പാക്കുന്ന ഹൈ ടെക് കൃഷി എന്ന സൗജന്യ ഓൺലൈൻ കോഴ്സ് ജനുവരി ഒന്നിന് തുടങ്ങും. ചേരാൻ താല്പര്യമുള്ളവർ 31നകം പേര് രജിസ്റ്റർ ചെയ്യണം. മലയാളത്തിലാണ് കോഴ്സ്. ആവശ്യമെങ്കിൽ നിശ്ചിത ഫീസ് അടച്ച് സർട്ടിഫിക്കറ്റ് വാങ്ങാം. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം.
സര്ട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്സിന് അപേക്ഷിക്കാം
തൃശൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന മാർഷ്യൽ ആർട്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 15 വയസിന് മേൽ പ്രായമുള്ള പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറ് മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠിപ്പിക്കും.
അപേക്ഷാഫോറംs rccc.in/download എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ wwws.rccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം33. ഫോൺ: 0471 2325101, 2325102, 9447683169.