
തൃശൂർ: വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് തടയിടണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വിമുക്തി വാരം സംസ്ഥാനതല ഉദ്ഘാടനം സാഹിത്യ അക്കാഡമി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ലഹരിമാഫിയയിൽ പെട്ട് കുറച്ച് നാൾ മുൻപ് വരെ നമ്മുടെ കുട്ടികളെ കാണാതാവുന്ന സ്ഥിതിയുണ്ടായിരുന്നു. സാധാരണ ജനങ്ങൾക്ക് തടയാൻ കഴിയാത്ത വിധത്തിലുള്ള മാഫിയാ സംഘങ്ങളാണ് ചുറ്റുമുള്ളത്. ഇവരെ മുളയിലേ നുള്ളണമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്ക് എതിരെ ലൈബ്രറി കൗൺസിൽ, വിമുക്തി മിഷൻ, എക്‌സൈസ് വകുപ്പുമായി സഹകരിച്ചാണ് വിമുക്തി വാരവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. ക്ലാസുകൾ, സെമിനാറുകൾ, കലാസാഹിത്യ മത്സരങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ മുഖ്യപ്രഭാഷണം നടത്തി. മുരളി പെരുനെല്ലി എം.എൽ.എ കൈപ്പുസ്തകം പ്രകാശനം ചെയ്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. വി കുഞ്ഞിക്കൃഷ്ണൻ, ജോയിന്റ് എക്‌സൈസ് കമ്മിഷണർ സെൻട്രൽ സോൺ പി.കെ സാനു, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടിവ് അംഗം പി. തങ്കീ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ് പ്രിൻസ്, കോർപറേഷൻ കൗൺസിലർ റെജി ജോയ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഹാരിഫാബി തുടങ്ങിയവർ പങ്കെടുത്തു.
ഇ- ശ്രം: രജിസ്റ്റർ ചെയ്തത് മൂന്ന് ലക്ഷം പേർ
തൃശൂർ: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ ശ്രം പോർട്ടലിൽ 31 വരെ രജിസ്റ്റർ ചെയ്യാം. ജില്ലയിൽ ഇതുവരെ മൂന്ന് ലക്ഷം അസംഘടിത തൊഴിലാളികൾ രജിസ്റ്റർ ചെയ്തതായി ജില്ലാ ലേബർ ഓഫീസർ എം.എം ജോവിൻ പറഞ്ഞു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല ഇംപ്ലിമെന്റേഷൻ കമ്മിറ്റി യോഗം ചേർന്നു. ജില്ലയിലെ 3016 അങ്കൺവാടികളുടെ രജിസ്ട്രേഷൻ ക്യാമ്പുകൾ വേഗത്തിലാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജില്ലാ ഇംപ്ലിമെന്റേഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.