
തൃശൂർ: തകർന്ന റോഡുകളുടെ സ്ഥിതി പലയിടത്തും തുടരുകയാണെന്നും മഴ മാറിയ സാഹചര്യത്തിൽ ഡിസംബർ 31 നകം പ്രധാനപ്പെട്ട റോഡുകളിൽ ടാറിംഗ് പൂർത്തിയാക്കണമെന്നും ജില്ലാ വികസനസമിതി യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാർ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലങ്ങളിൽ വേനലിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാതിരിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധ ചെലുത്തണം. നിയോജക മണ്ഡലാടിസ്ഥാനത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്തുകൾ മുൻകൈയെടുക്കണം. പട്ടികജാതി, വർഗ കോളനികൾ, ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ, കുന്നിൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വിവരം ശേഖരിച്ച് പ്രത്യേകം നടപടിയെടുക്കണം. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ എം.എൽ.എ മാർ പങ്കെടുക്കുന്ന പ്രത്യേക യോഗം ഉടനെ വിളിച്ചു ചേർക്കാനും യോഗം നിർദ്ദേശിച്ചു. പുനർ നിർമ്മാണത്തിന് ഇനിയും കാലതാമസമുണ്ടായാൽ പുതിയ കരാറുകാരനെ കണ്ടെത്തി മുന്നോട്ടു പോകേണ്ട സാഹചര്യം ഉണ്ടാവുമെന്നും അവർ ഉദ്യോഗസ്ഥരെ അറിയിച്ചു.
ജില്ലയിലെ സ്‌കൂൾ കെട്ടിടങ്ങളുടെ സ്ഥിതി വിവരങ്ങൾ പരിശോധിക്കണം. പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കണം. കിഫ്ബി ഫണ്ടിൽ ഉൾപ്പെട്ടുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വേഗത്തിലാക്കണമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടറോട് യോഗം നിർദ്ദേശിച്ചു.
എ.ഡി.എം റെജി പി. ജോസഫ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ എ.സി മൊയ്തീൻ, ഇ.ടി ടൈസൺ, എൻ.കെ അക്ബർ, സി.സി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീലത എന്നിവർ പങ്കെടുത്തു.
യോഗത്തിലെ മറ്റ് നിർദ്ദേശങ്ങൾ
ചാവക്കാട്, കൊടുങ്ങല്ലൂർ, കയ്പ്പമംഗലം മണ്ഡലങ്ങളിലെ സുനാമി കോളനിയിലെ വീടുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കും. കോളനികളിൽ അർഹരെ താമസിപ്പിച്ച് അനർഹരെ ഒഴിവാക്കണം
കടപ്പുറം ഇരട്ടപ്പുഴ ഗവ.എൽ.പി സ്‌കൂളിന് പുതിയ സ്ഥലം കണ്ടെത്തുന്ന നടപടി വേഗത്തിലാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ആർദ്രം പദ്ധതി നടപ്പിലാക്കാൻ നടപടി
കൊടുങ്ങല്ലൂർ ഷൊർണൂർ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കും
പുനർഗേഹം പദ്ധതി ജില്ലയിൽ കാര്യക്ഷമമാക്കും
ടൂറിസം പദ്ധതികളുടെ പുതിയ സാദ്ധ്യതകൾ പരിശോധിക്കും.
6 ജനകീയ ഹോട്ടലുകൾ കൂടി
കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കുമെന്ന് കുടുംബശ്രീ മേധാവി യോഗത്തെ അറിയിച്ചു. 96 ജനകീയ ഹോട്ടലുകളിലെ 6 എണ്ണത്തിന് പുതിയ സ്ഥലം കണ്ടെത്തി പ്രവർത്തനം പുനരാരംഭിക്കും. ദേശമംഗലം, തോളൂർ പഞ്ചായത്തുകളിലും ഉടൻ ജനകീയ ഹോട്ടലുകൾ ആരംഭിക്കും.