covid

തൃശൂർ: ഒമിക്രോൺ ഭീഷണിക്കും സർവകലാശാല പരീക്ഷകൾക്കും ഇടയിൽ കോളേജുകളിൽ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) ക്യാമ്പ് നടത്തുന്നതിൽ ആശങ്ക. നൂറോളം വിദ്യാർത്ഥികളെ ഏഴ് ദിവസം കോളേജുകളിൽ താമസിപ്പിക്കുന്നതിലാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. ഇന്ന് മുതൽ 30 വരെയാണ് ക്യാമ്പ്. 23 വരെ പലർക്കും പരീക്ഷയുണ്ട്. ജനുവരി ആദ്യവാരത്തിലുമുണ്ട് പരീക്ഷ. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമല്ല. ഒരു ഡോസ് എടുത്തവരിൽ ലക്ഷണമുണ്ടെങ്കിൽ ടെസ്റ്റ് നടത്തണം. ക്യാമ്പിലെ അംഗങ്ങളിൽ ആരെങ്കിലും പോസിറ്റീവായാൽ കൂടെയുള്ളവരും ക്വാറന്റൈനിലാകും. ജനുവരിയിലെ പരീക്ഷകൾ എഴുതാനും കഴിയാതെ വരും. ഇതാണ് വിദ്യാർത്ഥികളുടെ പേടി. ക്യാമ്പിൽ പങ്കെടുത്തില്ലെങ്കിൽ ഗ്രേസ് മാർക്ക് നഷ്ടപ്പെടും. കഴിഞ്ഞ വർഷം ഓൺലൈൻ ക്യാമ്പായിരുന്നു. അതിൽ പങ്കെടുത്തവർക്ക് മാർക്ക് നൽകാൻ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ആദ്യം വിസമ്മതിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ മാർക്ക് അനുവദിച്ചു.

100 വിദ്യാർത്ഥികളുടെ ചെലവ് 45,000 രൂപ

45,000 രൂപയാണ് 100 വിദ്യാർത്ഥികളുടെ ഏഴ് ദിവസത്തെ ഭക്ഷണമടക്കമുള്ള ചെലവുകൾക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അനുവദിച്ചത്. ഉദ്ഘാടനത്തിനുള്ള ചെലവ്, ക്ലാസെടുക്കുന്ന അതിഥികൾക്കുള്ള പ്രതിഫലം, പ്രചാരണ സാമഗ്രികൾക്കും ഓഫീസ് സ്റ്റേഷനറികൾക്കുമുള്ള ചെലവ്, ആഡിറ്റിംഗ് തുടങ്ങിയവയെല്ലാം ഈ തുകയിൽ തീർക്കണം. ഭക്ഷണം പാചകം ചെയ്യാനുള്ള ഗ്യാസും പാത്രങ്ങളും അടക്കം വാടകയ്ക്ക് വാങ്ങേണ്ടതുണ്ട്. പ്രോഗ്രാം ഓഫീസറായ അദ്ധ്യാപകർക്ക് അദ്ധ്യാപനത്തോടൊപ്പം ഇതിന്റെ സംഘാടനത്തിനും പിടിപ്പതുപണിയാണ്.

നിബന്ധനകൾ, ലക്ഷ്യങ്ങൾ

വിദ്യാർത്ഥികൾക്ക് സമൂഹത്തോടുള്ള സേവന സന്നദ്ധതാമനോഭാവം വളർത്താൻ
രണ്ട് വർഷം സാമൂഹിക സേവനത്തിന് ചെലവഴിക്കേണ്ടത് 240 മണിക്കൂർ.
സേവനം വിജയകരമായി പൂർത്തിയാക്കിയ വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റ് നൽകും.
വോളന്റിയർമാർക്ക് ഉന്നതപഠനത്തിലും മറ്റും പ്രവേശന സമയത്ത് വെയിറ്റേജ് ലഭിക്കും.

പ്രോട്ടോകോളുകൾ പെരുവഴിയിലോ ?

ക്യാമ്പിൽ കർശനമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നാണ് നിർദ്ദേശം. കോളേജുകളിൽ അദ്ധ്യയന സമയത്ത് പോലും ഇത് പ്രായോഗികമാവുന്നില്ല. എൻ 95 മാസ്‌ക് ധരിക്കുന്നവർ തന്നെ കുറവാണ്. ക്യാമ്പ് ഓൺലൈനായി നടത്തിയാൽ മതിയെന്നാണ് ഭൂരിഭാഗം പ്രോഗ്രാം ഓഫീസർമാരുടെയും അഭിപ്രായം. കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ 1969ൽ ആണ് എൻ.എസ്.എസ് ആരംഭിച്ചത്.