കയ്പമംഗലം: മാതൃകയായി മതിലകം കുട്ടികളുടെ ഗ്രാമസഭയ്ക്ക് ഒരുങ്ങുന്നു. ആസൂത്രണത്തിലും സംഘാടനത്തിലും പങ്കാളിത്തത്തിലും കുട്ടികൾ തന്നെ മുൻകൈയെടുത്താണ് കുട്ടികളുടെ ഗ്രാമസഭ നടത്തുന്നത്. തൃശൂർ ആസ്ഥാനമായുള്ള കിലയുടെ നേതൃത്വത്തിൽ നടന്ന ബാലസൗഹൃദ മണ്ഡലത്തിനായുള്ള ആശയ രൂപീകരണ ശിൽപ്പശാലയെ തുടർന്നാണ് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
മതിലകം പഞ്ചായത്തിലെ രണ്ടാം വാർഡുകളിലാണ് ഗവേഷണ അടിസ്ഥാനത്തിൽ ആദ്യം ഗ്രാമസഭ സംഘടിപ്പിക്കുന്നത്. ഡിസംബർ 25ന് പതിനാലാം വാർഡിൽ നടക്കുന്ന ഗ്രാമസഭ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയും ഡിസംബർ 26ന് പതിനൊന്നാം വാർഡിൽ നടക്കുന്ന ഗ്രാമസഭ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും ഉദ്ഘാടനം ചെയ്യും.
സ്വാഗതം, അധ്യക്ഷത, പദ്ധതി വിശദീകരണം, പതാക ഉയർത്തൽ, ക്രോഡീകരണം, രജിസ്‌ട്രേഷൻ, ഡോക്യുമെന്റേഷൻ, നന്ദി എന്നിവയെല്ലാം കുട്ടികൾ തന്നെയാകും കൈകാര്യം ചെയ്യുക. ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാനുള്ള അവകാശവും 18 വയസ് വരെയുള്ളവർക്ക് മാത്രമാകും.
തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെയും ശിശുക്ഷേമ സമിതി ചെയർമാൻ ഡോ. വിശ്വനാഥിന്റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിക്കുന്നത്. അക്കാഡമിക് കോ- ഓഡിനേറ്ററായ ടി.എസ്. സജീവൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വാർഡ് മെമ്പർമാരായ ജെസ്‌ന ഷമീർ, എം.കെ. പ്രേമാനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികളെ ഇതിനായി തയ്യാറാക്കിയത്.
പ്രദേശത്തെ കളിസ്ഥലം, ഉപകരണങ്ങൾ, പരിശീലനം, കലാകായിക സൗകര്യം, ആരോഗ്യ ശുചിത്വ കാര്യങ്ങളിലെ ബാലസൗഹൃദ സമീപനം, ഗതാഗത കാർഷിക പാരിസ്ഥിതിക പ്രവർത്തനങ്ങൾ, അധിക പഠന സാദ്ധ്യതകൾ, വായനയ്ക്കും വിനോദത്തിനുമുള്ള സൗകര്യം തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചകളും സംവാദങ്ങളും പ്രമേയങ്ങളുമാണ് കുട്ടികളുടെ ഗ്രാമസഭയിൽ നടക്കുക.