 
പുതുക്കാട് : പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ നീർത്തടത്തിലെ മാലിന്യ സംഭരണംജനജീവിതത്തിന്ഭീഷണിയാകുമെന്ന്ആശങ്ക. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള അമ്പത് സെന്റോളം വരുന്ന വർഷങ്ങളായി തരിശായി കിടക്കുന്ന പാടത്താണ് ടൺ കണക്കിന് മാലിന്യങ്ങൾ സംഭരിച്ചിരിക്കുന്നത്. ഏകദേശം പത്തിലേറെ സെന്റ് സ്ഥലത്ത് മാലിന്യം കിടപ്പുണ്ട്. തൃശൂർ കോർപറേഷനിൽ നിന്നുള്ള ടൺ കണക്കിന് മാലിന്യങ്ങളാണ് ഇവിടെ സംഭരിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്് മാലിന്യമാണ് ഏറെയും. പാടം നികത്തിയെടുക്കാൻ വേണ്ടി ചെയ്തതാണോയെന്ന സംശയമാണുയരുന്നത്. മണലി പുഴയോട് ചേർന്ന് കിടക്കുന്ന സ്ഥലത്തെ ഈ മാലിന്യ സംഭരണം ഗുരുതരമായ പാരിസ്ഥിക പ്രശ്‌നങ്ങൾക്കിടയാക്കുമെന്നാണ് ആശങ്ക. മാലിന്യം നിക്ഷേപിച്ചതിനടുത്ത് നിന്ന് മീറ്ററുകൾ അകലെയാണ് മണലിപ്പുഴയിൽ വന്നുചേരുന്ന കായൽ തോട്. മാലിന്യങ്ങൾ വർഷക്കാലത്ത് പുഴയിൽ ചെന്ന് ചേരുകയും കുടിവെള്ളത്തെ വിഷമയമാക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസുകളിൽ നിന്ന് 500 മീറ്റർ ദൂരമേ മാലിന്യങ്ങൾ നിക്ഷേപിച്ചിടത്തേക്കുള്ളൂ. മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും ഉടമയ്‌ക്കെതിരെ നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാകണമെന്നും തുടർന്ന് ഇവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്തെ മാലിന്യം അടിയന്തരമായി നീക്കണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.