ulkadanam
അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹൈസ്‌കൂളിൽ നിർമ്മിച്ച വജ്ര ജൂബിലി കെട്ടിടം മന്ത്രി പ്രൊഫ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങലൂർ: സംസ്ഥാന സർക്കാരിന്റെ ചലഞ്ച് ഫണ്ട് എയ്ഡഡ് സ്‌കൂളുകൾക്ക് കൂടി നൽകാൻ തീരുമാനിച്ചപ്പോൾ പിന്തുണയ്ക്കുകയും ഫണ്ട് വിനിയോഗിച്ച് കാര്യക്ഷമമായി വജ്രജൂബിലി ബ്ലോക്ക് നിർമ്മിക്കുകയും ചെയ്ത അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ട്രസ്റ്റ് മാനേജ്‌മെന്റ് പ്രവർത്തനം ശ്ലാഘനീയമാണെന്ന് മന്ത്രി പ്രൊഫ. ആർ. ബിന്ദു.

അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹൈസ്‌കൂളിൽ 50% ചലഞ്ച് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ വജ്രജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ട്രസ്റ്റ് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്ത് അദ്ധ്യക്ഷനായി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.എ. മുഹമ്മദ് ഇഖ്ബാൽ താക്കോൽ ഏറ്റുവാങ്ങി. മാനേജർ അഡ്വ. കെ.എം. അൽത്താഫ് ആമുഖപ്രഭാഷണം നടത്തി.

സ്‌കൂൾ കെട്ടിട നിർമ്മിതി സമയബന്ധിതമായും കാര്യക്ഷമമായും നിർവഹിച്ച പടിയത്ത് കർക്കിടകവള്ളിയിൽ പി.കെ. അബ്ദുൽ ലത്തീഫിനെ ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, അംബിക ശിവപ്രിയൻ, നജ്മൽ ഷക്കീർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.എ. സീതി മാസ്റ്റർ, ട്രസ്റ്റ് ജനറൽ സെക്രട്ടറി എ.എ. മുഹമ്മദ് ഇഖ്ബാൽ അഴീക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.