ചാവക്കാട്: തക്കാളിയുടെ അതിയായ വിലവർദ്ധനവിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ തക്കാളി വണ്ടി ചാവക്കാടെത്തി. തക്കാളി ഉൾപ്പെടെ മറ്റ് പച്ചക്കറികളും വണ്ടിയിലുണ്ട്. ക്രിസ്തമസ്, പുതുവത്സര കാലത്തെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ ലക്ഷ്യമിട്ടാണ് തക്കാളി വണ്ടി നഗരസഭ അങ്കണത്തിൽ എത്തിയത്. എൻ.കെ. അക്ബർ എം.എൽ.എ ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.കെ.മുബാറക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബുഷ്‌റ ലത്തീഫ്, പി.എസ്. അബ്ദുൽ റഷീദ്, കൗൺസിലർമാരായ കെ.വി. ഷാനവാസ്, അക്ബർ കോനോത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.എൻ. മനോജ്, കൃഷി ഓഫീസർ ആനീ റോസ് എന്നിവർ സംസാരിച്ചു.