child

തൃശൂർ: നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിന്റെ അമ്മ മേഘ, കാമുകൻ മാനുവേൽ എന്നിവരുടെ വീടുകളിലും മൃതദേഹം ഉപേക്ഷിച്ച തോടിന്റെ പരിസരത്തുമായിരുന്നു തെളിവെടുപ്പ്. ഒരു കൈ കൊണ്ട് മുഖം പകുതി മറച്ച് മേഘ ഇവർക്ക് മുഖം നൽകാതെയും ആരെയും കൂസാതെയുമായിരുന്നു തെളിവെടുപ്പിനെത്തിയത്.

കഴിഞ്ഞദിവസം വരെ തങ്ങളോട് ചിരിച്ചും കളിച്ചും സംസാരിച്ചും ജോലിക്ക് പോവുകയും വരികയും ചെയ്തിരുന്ന പെൺകുട്ടിയുമായി പൊലീസ് തെളിവെടുപ്പിനെത്തിയത് വിശ്വസിക്കാനാവാതെ ഞെട്ടലിലായിരുന്നു സമീപവാസികളും നാട്ടുകാരും. വരടിയത്ത് മേഘയുടെ വീട്ടിലാണ് ആദ്യം പൊലീസ് തെളിവെടുപ്പിനെത്തിയത്. അസി. കമ്മിഷണർ വി.കെ. രാജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

മേഘയെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് നാട്ടുകാർ വഴിയോരത്തും അയൽവാസികൾ വീടിന് ചുറ്റും കൂടിയിരുന്നു. വീട്ടിലെത്തി പ്രസവിച്ച് കുഞ്ഞിനെ മുക്കിക്കൊലപ്പെടുത്തിയ കുളിമുറി പരിശോധിച്ചു. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയത് എങ്ങനെയെന്ന് മേഘ അന്വേഷണ സംഘത്തോട് വിശദീകരിച്ചു.

കുഞ്ഞിനെ സൂക്ഷിച്ച ബാഗ് കഴുകി വൃത്തിയാക്കി ഉണക്കാനിട്ടിരുന്നതും മേഘ കാണിച്ചു. ഗർഭിണിയായതും പ്രസവിച്ചതിന്റെയുമൊന്നും ലക്ഷണം മേഘയിൽ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.