വടക്കാഞ്ചേരി: നാരായണാശ്രമ തപോവനവും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിക്കുന്ന 20-ാമത് ഭാഗവത തത്വസമീക്ഷാസത്രം ഈ മാസം 26 മുതൽ ജനുവരി 2 വരെ ഓൺലൈൻ വഴി നടക്കുമെന്ന് സത്രസമിതി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ 18 വർഷമായി പാർളിക്കാട് സത്രവേദിയായ നൈമിഷാരണ്യത്തിൽ തത്വസമീക്ഷാസത്രം നടന്നുവരുന്നുണ്ട്. കൊവിഡ് മാഹാമാരിയിൽ സത്രം നേരിട്ട് നടത്താൻ കഴിയാതെ വന്നു. 2018 ൽ സത്രത്തിനായുള്ള സ്ഥിരം കെട്ടിടം നിർമ്മാണം ആരംഭിച്ചിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ മൂലം കെട്ടിടത്തിന്റെ നിർമ്മാണം വൈകി. ഈ സാഹചര്യത്തിലാണ് സത്രം ഓൺലൈൻ വഴി നടത്താൻ തീരുമാനിച്ചത്. ഈ വർഷം പ്രതിദിനം 5 തത്വ പ്രവചനങ്ങളുള്ള അഷ്ടദിന പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ദിവസവും സ്വാമി ഭൂമാനന്ദ തീർത്ഥയുടെ ഭക്തി പ്രഭാഷണം ഉണ്ടാകും.