കൊടുങ്ങല്ലൂർ: പഞ്ചായത്ത് ഭൂമിയിൽ അനധികൃത നിർമ്മാണം നടക്കുന്നതായി ആരോപിച്ച് മനുഷ്യാവകാശ കൂട്ടായ്മ പ്രതിഷേധ സമരം നടത്തി. എറിയാട് പഞ്ചായത്തിന്റെ 32 സെന്റ് ഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തുന്നതായി ആരോപിച്ചാണ് അഴീക്കോട് മനുഷ്യാവകാശ കൂട്ടായ്മ ജനകീയ പ്രതിഷേധ സമരം നടത്തിയത്. അനധികൃത കൈയേറ്റ നിർമ്മാണം പൊളിച്ചുനീക്കി പൊതുകളിസ്ഥലം പൂർവ്വസ്ഥിതിയിലാക്കുക, പഞ്ചായത്ത് ബോർഡ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. പി.വി. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. സിറാജ് ചിറയ്ക്കൽ അദ്ധ്യക്ഷനായി. ധർമ്മരാജ്, ഇസ്മയിൽ, ഷാൻ വൻ, ഹഷീർ ചെമ്പിട്ട വീട്ടിൽ, കാസിം മുജീ എന്നിവർ സംസാരിച്ചു.