പാവറട്ടി: കൈപ്പറമ്പ്-ആളൂർ-ഗുരുവായൂർ റോഡ് തകർന്ന് തരിപ്പണമായി ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിൽ. വർഷങ്ങളായി അറ്റകുറ്റപണികൾ നടത്താത്തതുമൂലം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിരിക്കയാണ്. ഫുട്പാത്ത് പൊന്തക്കാട് പിടിച്ച് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. കണ്ടാണശ്ശേരി പഞ്ചായത്തിന്റ കീഴിൽ വരുന്ന 200 മീറ്റർ ദൂരം പാടെ തകർന്നത് മൂലമാണ് റോഡ് ഉപയോഗശൂന്യമായി കിടക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള എട്ട് മീറ്റർ വീതിയുള്ള ഈ റൂട്ടിൽ മുമ്പ് ബസുകൾ സർവീസ് നടത്തിയിരുന്നതാണ്. ഗുരുവായൂരിൽ നിന്ന് ആളൂർ, എടക്കളത്തൂർ, കേച്ചേരി വഴി തൃശൂർ റൂട്ടിൽ ഓടിയിരുന്ന ഏക ബസ് 'ചൈതന്യ' റോഡിന്റെ ശോചനാവസ്ഥ മൂലം സർവീസ് നിറുത്തിവയ്്ക്കുകയായിരുന്നു.
തൃശൂർ-കുന്നംകുളം ദേശീയപാതയിൽ ഗതാഗത കുരുക്കിന് ബദലായ സമാന്തര പാതയാണ് കൈപ്പറമ്പ്-പുത്തൂർ-ആളൂർ റോഡ്. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെയും റോഡ് വീതി കൂട്ടുന്ന ജോലികളും നടക്കുന്നതിനാൽ തൃശൂർ-കുന്നംകുളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് പതിവായിരിക്കയാണ്. റോഡ് വികസനം പൂർത്തിയാകാത്തതിനാൽ മിക്ക സമയങ്ങളിലും കേച്ചേരി സെന്ററിൽ മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് മൂലം മഴുവഞ്ചേരി, അമല നഗർ എന്നിവിടങ്ങളിലും മണിക്കൂറുകളോളമാണ് ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. മണ്ഡല മാസക്കാലത്തും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകരുൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. കൈപ്പറമ്പ്-പുത്തൂർ-ആളൂർ റോഡിന്റെ തകർച്ചയ്ക്ക് അടിയന്തര പരിഹാരം കണ്ടെത്തിയാൽ ഗുരുവായൂരിലേക്ക് വരുന്ന തീർത്ഥാടകരുൾപ്പെടെയുള്ളവർക്ക് ഏറെ സഹായകരമാകും.