council

തൃശൂർ: ഇ ടെൻഡറിൽ നിന്ന് ഒഴിവാക്കാൻ നിർമ്മാണപ്രവൃത്തികൾ വിഭജിച്ചു നൽകിയെന്നും ഇത് അഴിമതിയാണെന്നും ആരോപിച്ച് പ്രതിപക്ഷം കോർപറേഷൻ കൗൺസിലിന്റെ നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ മേയർ എം.കെ. വർഗീസ് കൗൺസിൽ പിരിച്ചുവിട്ടു. മേയറുടെ ചേംബർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അഞ്ചുലക്ഷത്തിൽ താഴെ വിവിധ പ്രവൃത്തികളാക്കി മാറ്റി രണ്ടര കോടിയുടെ പ്രവൃത്തികൾക്ക് ടെൻഡർ നൽകിയെന്നാണ് ആരോപണം.

കോൺഗ്രസ് അംഗം കെ. രാമനാഥനാണ് കൗൺസിലിൽ വിഷയം ഉന്നയിച്ചത്. പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ അതേറ്റുപിടിച്ചു. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഭരണപക്ഷാംഗങ്ങൾ മേയറുടെ ഡയസിനടുത്തെത്തി വളഞ്ഞ് വച്ചു. അഞ്ചുലക്ഷത്തിൽ കുറഞ്ഞ തുകയ്ക്കാണെങ്കിൽ ഇ ടെൻഡറിൽ നിന്നുമൊഴിവാകാമെന്ന വ്യവസ്ഥ ദുർവിനിയോഗം ചെയ്തുവെന്ന് രാജൻ പല്ലൻ കുറ്റപ്പെടുത്തി. ഓഫീസ് മുറിയും അതിനോട് ചേർന്നുള്ള ശുചിമുറിയും പി.എ.യുടെ മുറിയും കവാടനിർമ്മാണവും അടക്കം വ്യത്യസ്ത നിർമാണപ്രവൃത്തികളാക്കി ഓരോന്നിനും അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയെന്ന നിലയിൽ ടെൻഡർ നൽകിയതായി രാമനാഥൻ ആരോപിച്ചു.

ചതുരശ്ര അടി കണക്കാക്കാതെയാണ് ടെൻഡർ തുക നിശ്ചയിച്ചതെന്നും ചൂണ്ടിക്കാട്ടി. 51 ഫയലുകളാക്കിയാണ് മാറ്റിയത്. റിലയൻസ് കേബിളുകൾ ഇട്ടതിൽ റിസ്റ്റോറേഷൻ തുക തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ചർച്ചയ്ക്ക് വരുന്നത് തടയാൻ പ്രതിപക്ഷം ആസൂത്രിതമായി നടത്തിയ നാടകമാണ് ബഹളമെന്ന് ഭരണപക്ഷത്തെ വർഗീസ് കണ്ടംകുളത്തി വിമർശിച്ചു. മേയറുടെ ഡയസിന് മുകളിലെത്തിയ പ്രതിപക്ഷം ടെൻഡർ വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ബഹളം ശക്തമായപ്പോൾ യോഗം പിരിച്ചുവിട്ടതായി അറിയിച്ച് മേയർ ചേംബറിലേക്ക് മടങ്ങി. അമൃതം സിറ്റി മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് ആരെയും അറിയിക്കാതെ വിളിച്ച യോഗം അസാധുവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൗൺസിൽ യോഗത്തിലെ ഒന്നു മുതൽ 72 വരെയുള്ള അജൻഡകൾ മറ്റൊരു ദിവസം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കത്ത് നൽകി. ടെൻഡറുകൾ ഒറ്റ പ്രവൃത്തിയായി അംഗീകരിച്ച് ഇ ടെൻഡർ വിളിക്കണമെന്ന് ബി.ജെ.പി. കൗൺസിലർമാരായ വിനോദ് പൊള്ളഞ്ചേരി, പൂർണിമ സുരേഷ്, എൻ. പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പിയും കത്ത് നൽകി.