lahari

തൃശൂർ: തലസ്ഥാനത്തെയും ആലപ്പുഴയിലെയും അക്രമസംഭവങ്ങളെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കി. അതേസമയം, ക്രിസ്മമസ് പുതുവർഷാഘോഷങ്ങൾ അതിരുവിടാതിരിക്കാനുള്ള നടപടികളും പൊലീസ് കടുപ്പിച്ചു.

വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ വൻതിരക്ക് കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ നിയോഗിക്കും. അക്രമം തടയുന്നതിന്റെ ഭാഗമായി വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തിൽ കഴിയുന്നവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളിൽ തുടർച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും.

കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും, വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരം ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തും.

വർഗീയസന്ദേശം അയച്ചാൽ കുടുങ്ങും

വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹികമാദ്ധ്യമങ്ങളിൽ സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും പ്രതിയാക്കും. ജില്ലയിലെ സൈബർ വിഭാഗം സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്തും. കഴിഞ്ഞദിവസം ക്രിസ്മസിന് കരോളിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത പത്രറിപ്പോർട്ടിന്റെ മാതൃകയിൽ പ്രചരിച്ചിരുന്നു. കരോളിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ക്‌ളാസുകളുമായി ലൈബ്രറി കൗൺസിൽ

അതേസമയം, എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരിയുടെ അമിതമായ ഉപയോഗത്തിനെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ, സർക്കാരിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് വിമുക്തി വാരവും അനുബന്ധ പരിപാടികളും തുടങ്ങിയിട്ടുണ്ട്. 23 ന് തുടങ്ങിയ വാരാചരണം 30 ന് അവസാനിക്കും.

ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കിക്കഴിഞ്ഞു. ക്രിസ്മസ് പുതുവത്സരങ്ങളുടെ മുന്നോടിയായുള്ള നടപടികളും ശക്തമാക്കി.

ആർ.ആദിത്യ
കമ്മിഷണർ, സിറ്റി പൊലീസ്

ലഹരി ഉൽപന്നങ്ങളിൽ നിന്ന് വിട്ടു നിൽക്കുക എന്ന ചിന്തയിലേയ്ക്ക് പൊതുജനങ്ങളെയും യുവജനതയെയും കൊണ്ടുവരേണ്ടതുണ്ട്. ഈ വിപത്തിനെതിരെയുള്ള പ്രതിരോധം തീർക്കാനായുള്ള വലിയ ഉത്തരവാദിത്തമാണ് വിമുക്തിവാരത്തിലൂടെ ലൈബ്രറി കൗൺസിൽ ഏറ്റെടുക്കുന്നത്.

മന്ത്രി ഡോ.ആർ. ബിന്ദു
വിമുക്തിവാരം സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ.