kcpanicker

ഡോ.കെ.സിപണിക്കരുടെ പ്രയത്‌നങ്ങൾ പഠനവിധേയമാക്കണം: ടി.എൻ.പ്രതാപൻ എം.പി.


തൃശൂർ: ആനകൾക്കും ഗജചികിത്സയ്ക്കുമായുള്ള സമർപ്പിത ജീവിതം കൊണ്ട് ശ്രദ്ധേയനായ ഡോ. കെ.സി. പണിക്കർക്ക് കേരളകൗമുദി റീഡേഴ്‌സ് ക്ലബ്ബ് ഒരുക്കിയ ആദരപരിപാടിയിൽ ശിഷ്യരും സാംസ്‌കാരിക സാമൂഹ്യരാഷ്ട്രീയ മേഖലയിലുളളവരുടേയും സ്‌നേഹാദരം.
ഗജചികിത്സയിൽ അരനൂറ്റാണ്ടിന്റെ പരിചയസമ്പത്തുമായി ആയിരം പൂർണ്ണചന്ദ്രന്മാരെ ദർശിച്ചതിന്റെ നിറവിലുള്ള, അദ്ദേഹത്തിന് ഒരുക്കിയ ആദരസമ്മേളനം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ആനകളുടെ ചികിത്സാമേഖലയിൽ ഡോക്ടർകെ.സി പണിക്കർ അടക്കമുളളവർ നടത്തിയ പ്രയത്‌നവും കണ്ടെത്തലും കേരളവെറ്ററിനറി സർവകലാശാല അടക്കമുള്ള സ്ഥാപനങ്ങൾ പഠനവിധേയമാക്കണമെന്നും ഇതുസംബന്ധിച്ച് ഗവേഷണസൗകര്യം ഒരുക്കണമെന്നും എം.പി പറഞ്ഞു. തൃശൂർ പൂരം യാതൊരു തടസങ്ങളുമില്ലാതെ നടത്താൻ എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാട്ടാനപരിപാലനത്തിൽ ഡോക്ടർ പണിക്കർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് മുഖ്യാതിഥിയായ പി.ബാലചന്ദ്രൻ എം.എൽ.എ പറഞ്ഞു. ചെട്ടിയങ്ങാടി കുളശ്ശേരി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗജചികിത്സാവിദഗ്ധൻ ഡോക്ടർ പി.ബി ഗിരിദാസ് ആമുഖപ്രഭാഷണം നടത്തി. വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോക്ടർ.എം.ആർ.ശശീന്ദ്രനാഥ്, ഐ.വി.എ പ്രസിഡന്റ് ഡോക്ടർ പ്രദീപ് കുമാർ, വെറ്ററിനറി കോളേജ് ഡീൻ ഡോക്ടർ സി.ലത, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ ഒ.ജി സുരജ, ബംഗ്‌ളുരു ഹെൽത്ത് യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ പ്രൊജക്ട് ഡയറക്ടറും പ്രൊഫസറുമായ ഡോക്ടർ ടി.പി.സേതുമാധവൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫസർ ചന്ദ്രശേഖരൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, കുട്ടൻകുളങ്ങര ക്ഷേത്രം പ്രസിഡന്റ് സി.വിജയൻ, പി.ശശികുമാർ, രതീഷ് മേനോൻ, മനിശ്ശേരി ഹരിദാസ്, കെ.എം.വെങ്കിടാദ്രി, വി.രാധാകൃഷ്ണൻ, രവീന്ദ്രനാഥ മേനോൻ, പി.വിജയകുമാർ, കെ.എസ്.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഡോക്ടർ കെ.സി. പണിക്കർ മറുപടി പ്രസംഗം നടത്തി. കേരളകൗമുദി ബ്യൂറോ ചീഫ് ഭാസിപാങ്ങിൽ സ്വാഗതവും ഡെസ്‌ക് ചീഫ് സി.ജി.സുനിൽകുമാർ നന്ദിയും പറഞ്ഞു.


ഇതൊരു നിയോഗം : ഡോക്ടർ.കെ.സിപണിക്കർ.

ആനയുടെ പിന്നാലെയുള്ള തന്റെ ജീവിതം ഒരു നിയോഗമാണെന്നും അത് തീർച്ചയായും മഹാസംഭവമാണെന്ന് താൻ കരുതുന്നതായും ഡോക്ടർ.കെ.സി.പണിക്കർ പറഞ്ഞു. ആനകൾക്കായി താൻ നിലകൊളളുമ്പോൾ പല അഭിപ്രായങ്ങൾ ജനങ്ങളിൽ നിന്നുണ്ടായി. അതെല്ലാം ഒഴിവാക്കി നമ്മുടെ ആനകളുടെ ആരോഗ്യത്തിന്റെ നിജസ്ഥിതി മനസിലാക്കി അതിനു വേണ്ടതെല്ലാം ചെയ്യാനുള്ള നിരവധി സന്ദർഭങ്ങളും ലഭിച്ചു. ഇക്കാര്യത്തിൽ പൊതുജനങ്ങളോടും ആനപ്രേമികകളോടും നന്ദിയുളളവനാണെന്നും അദ്ദേഹം പറഞ്ഞു.