cherupushpam

തൃശൂർ: സ്വയം പകർത്തിയെഴുതിയ ബൈബിളാണ് ചെറുപുഷ്പത്തിന്റെ വിശുദ്ധ പുസ്തകം. ഒരു ധ്യാനമെന്ന പോലെ ഒന്നര വർഷമെടുത്ത് പകർത്തിയെഴുതിയത്. സമയം കിട്ടുമ്പോഴെല്ലാം അതെടുത്ത് വായിക്കും. യേശുവിന്റെ തിരുപ്പിറവി ദിനമായ ഇന്ന് പകർപ്പെഴുത്തിന്റെ നിർവൃതിയിലാണ് വേലൂർ പഴയങ്ങാടി ഒലക്കേങ്കിൽ വീട്ടിൽ ചെറുപുഷ്പം (53).
തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തുമ്പോൾ വൈകിട്ടാകും. വീട്ടുജോലികൾ തീർത്ത് രാത്രി ഏഴര മുതൽ ഒരു മണിക്കൂർ എഴുതും. അത്താഴവും മറ്റ് ജോലികളും കഴിഞ്ഞ് പത്തിന് വീണ്ടും എഴുതാനിരിക്കും. സമയം പോകുന്നതറിയില്ല. ചില ദിവസങ്ങളിൽ പുലർച്ചെ മൂന്നര വരെ എഴുതി. കണ്ണുവേദന പോലെ അസൗകര്യങ്ങളുണ്ടായ അപൂർവം ചില ദിവസങ്ങളിൽ മാത്രമേ എഴുത്ത് കുറഞ്ഞിട്ടുള്ളൂ. പേനയും പേപ്പറും വാങ്ങിക്കൊടുത്ത് ഭർത്താവ് തോമസും മക്കളും നൽകിയ പ്രോത്സാഹനം ആത്മവിശ്വാസം പകർന്നു. എ ഫോർ ഷീറ്റിലായിരുന്നു എഴുത്ത്. 1721 പേജുകൾ എഴുതി. കഴിഞ്ഞ മാർച്ചിൽ പൂർത്തിയായെങ്കിലും ബൈൻഡ് ചെയ്ത് കിട്ടാൻ വൈകി. തുടർന്ന് പഴയങ്ങാടി സെന്റ് സെബാസ്റ്റ്യൻ ചർച്ചിലെ ഫാദർ ഡേവിസ് ചിറയത്തിനെക്കൊണ്ട് വെഞ്ചരിപ്പിച്ചു.

പ്രേരണയായത് ധ്യാനം

ഒരിക്കൽ ഇടവക ധ്യാനത്തിൽ പങ്കെടുത്തപ്പോൾ എത്ര പേർ ബൈബിൾ വായിച്ചിട്ടുണ്ടെന്ന് വേദിയിൽ നിന്നുയർന്ന ചോദ്യമാണ് ബൈബിളെഴുത്തിന് ചെറുപുഷ്പത്തെ പ്രേരിപ്പിച്ചത്. താനും മുഴുവൻ വായിച്ചിട്ടില്ലല്ലോ എന്ന് അൽപ്പം കുറ്റബോധത്തോടെ ഓർത്തു. തുടർന്ന് പഴയ നിയമവും പുതിയ നിയമവും വായിച്ചപ്പോഴാണ് പകർത്തിയെഴുതണമെന്ന് തോന്നിയത്. കഴിയുന്നത് വരെ എഴുതാമെന്നേ കരുതിയിരുന്നുള്ളൂ. കുടുംബാംഗങ്ങൾ പിന്തുണച്ചപ്പോൾ ആഗ്രഹം സഫലമായെന്നും ചെറുപുഷ്പം പറഞ്ഞു.

ഒൻപത് വരെയേ പഠിച്ചിട്ടുള്ളൂ. കൊവിഡ് കാലത്ത് ജോലിയില്ലാതിരുന്നതിനാൽ പകലും എഴുതാനായി. കൈ കഴപ്പോ വേദനയോ ഉണ്ടായില്ല.

ചെറുപുഷ്പം.