
ഗുരുവായൂർ: മണ്ഡലകാലത്തിന് ഞായറാഴ്ച്ച സമാപനമാകും. മണ്ഡലകാല സമാപന ദിവസമായ ഞായറാഴ്ച ഗുരുവായൂരപ്പന് കളഭാഭിഷേകം നടക്കും. ദിവസവും കളഭം ചാർത്തുന്ന ഗുരുവായൂരപ്പന് ഇന്നേ ദിവസം പ്രത്യേകം തയാറാക്കിയ കളഭക്കൂട്ടാണ് അഭിഷേകം ചെയ്യുക. മൈസൂർ ചന്ദനം, കശ്മീർ കുങ്കുമപ്പൂവ് , പച്ചക്കർപ്പൂരം, പനിനീർ എന്നിവ ചേർത്ത് സ്വർണക്കുംഭത്തിൽ പ്രത്യേകമായി തയാറാക്കുന്ന സുഗന്ധ പൂരിതമായ കളഭക്കൂട്ടിന് നമസ്കാര മണ്ഡപത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പൂജ ചെയ്യും.
പന്തീരടി പൂജയ്ക്ക് ശേഷം നവകാഭിഷേകവും കളഭാഭിഷേകവും ഉച്ചപൂജയും തന്ത്രി നിർവഹിക്കും. കളഭത്തിലാറാടിയ കണ്ണനെ കണ്ടുതൊഴാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തും. തിങ്കളാഴ്ച്ച പുലർച്ചെ നിർമ്മാല്യം വരെ ഭക്തർക്ക് കളഭശോഭയുള്ള ഗുരുവായൂരപ്പനെ ദർശിക്കാം. മണ്ഡലകാലത്ത് 40 ദിവസം പഞ്ചഗവ്യ അഭിഷേകവും 41ാം ദിവസം കളഭവുമാണ് അഭിഷേകം ചെയ്യുക. അഭിഷേകത്തിനുള്ള കളഭം കോഴിക്കോട് സാമൂതിരിരാജയുടെ വഴിപാടാണ്. ക്ഷേത്രത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരുടെ വഴിപാടായി ചുറ്റുവിളക്ക് ആഘോഷവും നടക്കും. രാവിലെ 10 ന് പഞ്ചമദ്ദള കേളി , വൈകിട്ട് 3.30 ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലി, വൈകിട്ട് ആറിന് കക്കാട് രാജപ്പൻ മാരാരുടെ തായമ്പക, രാത്രി 9 ന് താമരയൂർ അനീഷ് നമ്പീശന്റെ പ്രമാണത്തിൽ മേളത്തോടെ വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
ആർ.ഐ.പിയുടെ ആദ്യപ്രദർശനം 26ന്
തൃശൂർ: മാദ്ധ്യമപ്രവർത്തകനും ഷോർട്ട് ഫിലിം സംവിധായകനുമായിരുന്ന ജിയോ സണ്ണിയുടെ അവസാനത്തെ ഹ്രസ്വചിത്രം ആർ.ഐ.പിയുടെ ആദ്യപദർശനം 26ന് രാവിലെ തൃശൂർ കൈരളി തിയേറ്ററിൽ നടത്തും. ഹൃദയാഘാതത്തെ തുടർന്ന് ഏപ്രിൽ മൂന്നിന് ജിയോ സണ്ണി മരിക്കുന്ന സമയത്ത് ആർ.ഐ.പിയുടെ എഡിറ്റിംഗ് പൂർത്തിയായിരുന്നു.
മ്യൂസിക് മിക്സിംഗും അവസാന മിനുക്കുപണികളും മാത്രമാണ് അവശേഷിച്ചിരുന്നത്. ജിയോയുടെ മരണശേഷം ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മുൻകൈയെടുത്താണ് ആർ.ഐ.പിയുടെ അവസാന വർക്ക് പൂർത്തീകരിച്ച് ചിത്രം പ്രദർശന സജ്ജമാക്കിയത്. 26ന് കൈരളി തിയേറ്ററിൽ ആർ.ഐ.പി പ്രദർശിപ്പിക്കുമ്പോൾ ജിയോ ബാക്കി വെച്ചുപോയ ആ ആഗ്രഹം കൂടി യാഥാർത്ഥ്യമാവുകയാണെന്ന് കൂട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഒൻപത് മിനിറ്റ് ദൈർഘ്യമുള്ളതാണ് ചലച്ചിത്രം. കൂടാതെ ബോൺസായ് ക്രിയേഷൻസിന്റെ ബാനറിൽ ജിയോ സണ്ണി സംവിധാനം ചെയ്ത മണവാട്ടി, കരക്കമ്പി, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ ഹ്രസ്വചിത്രങ്ങളും കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും. രാവിലെ ഒമ്പതിന് പ്രദർശനം ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ നാലു ചിത്രങ്ങളും പ്രദർശിപ്പിക്കും. തുടർന്ന് 10.30ന് തൃശൂർ പ്രസ്ക്ലബ്ബിൽ സുഹൃദ് സംഗമവുമുണ്ടാകും.