
വരന്തരപ്പിള്ളി : ഷാൻ വധക്കേസിൽ പ്രതികൾ വരന്തരപ്പിള്ളിക്കടുത്ത് കള്ളായിയിൽ ഒളിവിൽ കഴിഞ്ഞത് ഒരു ദിവസമെന്ന് സൂചന. ഷാൻ വധക്കേസിലെ പ്രതികളാണെന്ന് അറിയാതെയാണ് അറസ്റ്റിലായവർ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതെന്നും പറയുന്നു. അപരിചിതരായ ചിലർ കള്ളായിയിലെത്തിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വരന്തരപ്പിള്ളി പൊലീസ് സുരേഷിനെയും ഉമേഷിനെയും വ്യാഴാഴ്ച സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇതിനിടെ ഷാൻ വധക്കേസ് അന്വേഷണ സംഘത്തിന് പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ വരന്തരപ്പിള്ളിയിലുണ്ടെന്ന് വിവരം ലഭിച്ചു. പ്രതികൾ വരന്തരപ്പിള്ളിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് ആലപ്പുഴയിലെ പൊലീസ് സംഘം വരന്തരപ്പിള്ളിയിലെത്തിയത്. ഇതേത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ആലപ്പുഴയിലെ പൊലീസ് സംഘം വരന്തരപ്പിള്ളി പൊലീസിന്റെ സഹായത്തോടെ സുരേഷിനെയും സുമേഷിനെയും അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് കൊണ്ടുപോയി. പ്രതികൾ കോടതിയിൽ ഹാജരാകുമെന്നാണ് അറസ്റ്റിലായവരിൽ നിന്നും ലഭിച്ച സൂചന.