കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയുടെ ആരംഭം മുതൽ ക്രിസ്മസ് ആശംസയും സമ്മാനവുമായി ബിഷപ്പിനെ സന്ദർശിക്കുന്ന പതിവ് ഇക്കുറിയും മഹല്ല് കമ്മിറ്റി തെറ്റിച്ചില്ല. മഹല്ല് ഇമാം ഡോ. മുഹമ്മദ് സലിം നദ്‌വി, സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യും, അഡ്മിനിസ്‌ട്രേറ്റർ ഇ.ബി. ഫൈസൽ എന്നിവരാണ് ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയെ കാണാൻ അരമനയിലെത്തിയത്.
മസ്ജിദ് പഴയ പ്രൗഡിയിൽ പുനർനിർമ്മിക്കുന്നതിലുള്ള സന്തോഷം കമ്മറ്റിയുമായി ബിഷപ്പ് പങ്കുവച്ചു. ചേരമാൻ ജുമാമസ്ജിദും കോട്ടപ്പുറം രൂപതയും തമ്മിലുള്ള സൗഹൃദം കാലഘട്ടത്തിന് മാതൃകയാകുമെന്ന് ഇമാം ഡോ. മുഹമ്മദ് സലിം നദ്‌വി അഭിപ്രായപ്പെട്ടു. ചേരമാൻ ജുമാ മസ്ജിദിന്റെ ഭൂഗർഭ പള്ളിയുടെ നിർമ്മാണം പൂർത്തികരിച്ചതിന് ശേഷം രൂപതയിലെ വൈദികർക്കൊപ്പം മസ്ജിദ് സന്ദർശിക്കാനുള്ള ആഗ്രഹവും ബിഷപ്പ് മഹല്ല് കമ്മറ്റിയുമായി പങ്കുവച്ചു. കിഡ്‌സ് ഡയറക്ടർ ഫാദർ പോൾ തോമസ് കളത്തിൽ മഹല്ലിനുള്ള ക്രിസ്മസ് സമ്മാനവുമായി മസ്ജിദ് സന്ദർശിച്ചു.