koodapuzha

ചാലക്കുടി: പ്രസിദ്ധമായ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവം ഭക്തിനിർഭരവും വർണ്ണാഭവുമായി. കാവടി വരവ്, അന്നദാനം, ടൗൺ കമ്മിറ്റി ഒരുക്കിയ കലാവിരുന്ന് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. വിവിധ കരകളിൽ നിന്നും പുറപ്പെട്ട കാവടി സംഘങ്ങൾ ഉച്ചയോടെ ക്ഷേത്രാങ്കണത്തിലെത്തി. പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ, മേൽശാന്തി കെ. ബാബുലാൽ എന്നിവരുടെ നേതൃത്വത്തിൽ കാവടി സംഘങ്ങളെ സ്വീകരിച്ചു. തുടർന്ന് മേൽശാന്തി കെ. ബാബുലാലും മഹേഷ് ശാന്തിയും ചേർന്ന് കാവടി അഭിഷേകം നടത്തി. തുടർന്ന് ക്ഷേത്രം ഹാളിൽ നടന്ന അന്നദാനത്തിനും കനത്ത തിരക്കുണ്ടായി.
വൈകീട്ട് ടൗൺ കമ്മിറ്റി സൗത്ത് ജംഗ്ഷനിൽ ഒരുക്കിയ മേളങ്ങളും കലാവിരുന്നും ആസ്വദിക്കാൻ ജനം തടിച്ചുകൂടി. ചെയർമാൻ ചന്ദ്രൻ കൊളത്താപ്പിള്ളി, ജനറൽ കൺവീനർ അനിൽ തോട്ടവീഥി, ട്രഷറർ പി.കെ. സന്തോഷ്, വൈസ് ചെയർമാൻ പി.ആർ മോഹനൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ രാത്രിയും കാവടി വരവും ആട്ടവും നടന്നു. എല്ലാ സംഘങ്ങളുടേയും കാവടികൾ ഒന്നിച്ച് ആട്ടവും നടത്തി. പിന്നീട് പള്ളിവേട്ടയും നടന്നു.
ട്രഷറർ കെ.ജി. സുന്ദരൻ, ജോയിന്റ് സെക്രട്ടറിമാരായ സി.എസ്.സത്യൻ, ബാബു തുമ്പരത്തി, കെ.എൻ.രവി, ടി.കെ.സന്തേഷ്, കെ.കെ.ധർമ്മ പാലൻ, കെ.ആർ.ഷൈജൻ, എം.കെ.സതീശൻ, കെ.വി.ശിവദാസൻ, ടി.കെ.ചന്ദ്രൻ, കെ.കെ.ബിജു, ഒ.എസ്.ഉല്ലാസ് കുമാർ, കെ.കെ.സുകേഷ്, ഇ.എം.ചന്ദ്രൻ, കെ.എം.ബാബു തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് ആറാട്ട് ചടങ്ങുകളാണ്. കൂടപ്പുഴ കടവിൽ രാവിലെ 7ന് നടക്കുന്ന ആറാട്ടിന് ശേഷം ക്ഷേത്രത്തിലെത്തി കൊടിയിറക്ക് കർമ്മവും നടത്തും. പിന്നീടുള്ള ആറാട്ട് കഞ്ഞി വിതരണത്തോടെ ഉത്സവച്ചടങ്ങുകൾക്ക് തിരശീല വീഴും.