പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ ഉൾനാടൻ ഗ്രാമമായ തൊയക്കാവിലേക്ക് ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യം. ഏകദേശം 48 വർഷം മുമ്പാണ് തൊയക്കാവ് ഗ്രാമത്തിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നതാണ്. ഘട്ടംഘട്ടമായി എട്ടോളം ബസുകൾ സർവീസ് നിർത്തിയിരിക്കുകയാണ്. ഇപ്പോൾ ഒരു ബസും സർവീസ് നടത്തുന്നില്ല. ഇത് മൂലം വിദ്യാർത്ഥികളും ഗ്രാമവാസികളും ഉൾപ്പെടെ തൃശൂർ, ചാവക്കാട്, വടക്കാഞ്ചേരി, പാവറട്ടി തീർത്ഥകേന്ദ്രം, ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകാൻ വളരെയധികം ബുദ്ധിമുട്ടുകയാണ്. തൃശൂരിൽ നിന്ന് തൊയക്കാവിലേക്ക് അവസാനമായി സർവീസ് നടത്തിയിരുന്ന കെ.എൽ.8 വൈ 3500 എന്ന ബസ് 2 വർഷമായി നിറുത്തിയിട്ട്. തൃശൂർ-വടക്കാഞ്ചേരി ബസ് സർവീസ് നിറുത്തിയിട്ട് ഒരു വർഷമായി. തൃശൂർ-കരുവന്തല-തൊയക്കാവ് -പാവറട്ടി-ചാവക്കാട് ബസ് നിറുത്തിയിട്ട് 3 വർഷമായി. തൊയക്കാവ്-ചാവക്കാട് ബസ് നിറുത്തലാക്കിയിട്ട് 4 വർഷമായി. ഇതിൽ പല ബസുകളും മറ്റ് റൂട്ടുകളിൽ സർവീസ് നടത്തുകയാണ്. നൂറ് കണക്കിന് വിദ്യാർത്ഥികളും തൊഴിലാളികളും ഓട്ടോറിക്ഷകൾ കയറി 2.5 കിലോമീറ്റർ അകലെയുള്ള ഏനാമാവ്-കാഞ്ഞാണി റോഡിലെത്തിയാണ് ബസുകളിൽ കയറിപ്പോകുന്നത്. ഉൾനാടൻ റൂട്ടായതിനാൽ സർവീസ് ലാഭകരമല്ലെന്നാണ് സ്വകാര്യ ബസുകാർ പറയുന്നത്. ഇന്ധന വില വർദ്ധന കൂടിയായപ്പോൾ സർവീസ് തീർത്തും നഷ്ടമായെന്നും അവർ പറയുന്നു. സർവീസ് നടത്തിയിരുന്ന ബസുകൾ വീണ്ടും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കുണ്ടഴിയൂർ ബ്രാഞ്ച് സെക്രട്ടറി കെ.വി. മനോഹരൻ ഗതാഗത വകുപ്പ് മന്ത്രിക്കും തൃശൂർ ജില്ലാ കളക്ടർക്കും നിവേദനം നൽകി.
തൊയക്കാവുകാർ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കി ബസുകൾ സർവീസ് നടത്താൻ അടിയന്തര നടപടി ഉണ്ടാകണം. തൃശൂരിൽ നിന്ന് ഒരു കെ.എസ്.ആർ.ടി.സി ബസ് തൊയക്കാവ് ഭാഗത്തേക്ക് പുതുതായി അനുവദിക്കണം.
കെ.വി. മനോഹരൻ
(സെക്രട്ടറി, സി.പി.എം കുണ്ടഴിയൂർ)