കുന്നംകുളം: 25 വർഷത്തോളമായി മുടങ്ങി കിടന്ന ജലസേചനം പുനരാരംഭിച്ചതോടെ വേലൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ 120 ഏക്കറോളം കൃഷി ഭൂമി ഉൾപ്പെടുന്ന വടക്ക് പടിഞ്ഞാറൻ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തി തുടങ്ങി. ഇതോടെ ഇവിടെ കൃഷി പുനരാരംഭിച്ചു. 25 വർഷത്തിലധികമായി നിലച്ച് പോയ ജലസേചന സൗകര്യം 11-ാം വാർഡ് മെമ്പർ ശുഭ അനിൽ കുമാറിന്റെയും 12-ാം വാർഡ് മെമ്പർ സി.ഡി. സൈമന്റെയും നേതൃത്വത്തിൽ പാടശേഖര സമിതി നടത്തിയ പരിശ്രമത്തിലൂടെയാണ് സാദ്ധ്യമായത്. വേലൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പരിശ്രമവും പദ്ധതിക്ക് പിന്നിലുണ്ട്. മേഞ്ചേരിക്കാവ് ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ കാടച്ചാലിന്റെ ഉദ്ഘാടനം വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി നിർവഹിച്ചു. വേലൂർ കൃഷി ഓഫീസർ അഞ്ജന, 11 -ാം വാർഡ് മെമ്പർ ശുഭ അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. പാടശേഖരസമിതി പ്രസിഡന്റ് തോമസ് ചീരൻ, സെക്രട്ടറി ജോബി, കർഷക അവാർഡ് ജേതാക്കളായ പന്മനാഭൻ, കൃഷ്ണൻ, ക്ലസ്റ്റർ ലീഡർമാരായ മനു മാസ്റ്റർ, ഗിരി കൊമ്പത്ത്, ചന്ദ്രൻ വേളത്ത് എന്നിവരും സന്നിഹിതരായിരുന്നു.