kunnamkulam

കുന്നംകുളം: ലൈഫ് ഇൻഷ്വറൻസ് ഏജന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കുന്നംകുളം ബ്രാഞ്ചിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ഉൾപ്പെടെ ഏഴ് പേരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുന്നംകുളം പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

തട്ടിപ്പ് നടക്കുമ്പോൾ സീത രവീന്ദ്രൻ സ്ഥാപനത്തിന്റെ ഭരണ സമിതി അംഗമല്ല. പി.വി പത്മിനി, പി.വി ജോസ്, കെ.എൻ അജയൻ, എം.ജെ സെബാസ്റ്റ്യൻ, ജോർജ്ജ് ഇട്ടിച്ചെറിയ, കെ.ജി ശശികുമാർ എന്നിവർ കേസിൽ പ്രതികളല്ലെന്നാണ് കുന്നംകുളം എസ്.ഐ ടി.സി അനുരാജ് റിപ്പോർട്ട് നൽകിയത്.

ആർത്താറ്റ് സ്വദേശിനി ചെറുവത്തൂർ മിനി വർഗ്ഗീസാണ് നിക്ഷേപ തട്ടിപ്പിനെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. 2015 ജൂൺ 20നാണ് മിനി പണം നിക്ഷേപിച്ചത്. കഴിഞ്ഞ മാസം 17 നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് 2007 മുതൽ 2012 വരെയാണ് സീത രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ സംഘം ഭരണ സമിതിയിലുണ്ടായതെന്ന് കണ്ടെത്തിയത്. 2012 ന് ശേഷം സീത രവീന്ദ്രന് സഹകരണ സംഘവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസിൽ ഇവർ പ്രതികളല്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസെന്ന് സി.പി.എം


വ്യാജവാർത്ത നൽകി അപകീർത്തിപ്പെടുത്തിയതിനെതിരെ പരാതിക്കാരി മിനി വർഗ്ഗീസിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് സി.പി.എം കുന്നംകുളം ഏരിയ സെക്രട്ടറി എം.എൻ സത്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെയർപേഴ്സണെ അപമാനിക്കാൻ രാഷ്ട്രീയ വൈരാഗ്യം വെച്ചാണ് കോടതിയിൽ പരാതി നൽകിയത്. മിനി വർഗ്ഗീസിനെ സീത രവീന്ദ്രന് അറിയില്ല. വ്യാജ പ്രചരണം ഏറ്റുപിടിച്ച് തെരുവിലും നഗരസഭയിലും സമരം ചെയ്ത ബി.ജെ.പിയും കോൺഗ്രസ്സും ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. വ്യാജ പ്രചരണം അഴിച്ചുവിട്ട് മാനസികമായി തളർത്താനാണ് ചിലർ ശ്രമിച്ചതെന്ന് ചെയർപേഴ്‌സൺ സീത രവീന്ദ്രൻ പറഞ്ഞു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം സുരേഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.