തൃപ്രയാർ: ജാതിക്കും മതത്തിനും അതീതമായി നിലകൊള്ളുന്നത് കലയും കലാകാരനും മാത്രമാണെന്ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. തൃപ്രയാർ സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കുന്ന സ്‌നേഹസംഗീതം ഓഡീഷൻ ഫ്ലോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, മുൻ എം.എൽ.എ ഗീത ഗോപി എന്നിവർ വിശിഷ്ടാതിഥികളായി. പ്രോഗ്രാം ഡയറക്ടർ ജിഹാസ് വലപ്പാട് അദ്ധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, എം.ആർ. ദിനേശൻ, ഷിനിത ആഷിക്, പി.ഐ. സജിത, ബൽക്കീസ് ബാനു, കെ.ബി. ഷൺമുഖൻ, ആർ.ഐ. സക്കറിയ, മുഹ്‌സിൻ പാണ്ടികശാല എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സംഗീത സന്ധ്യയ്ക്ക് നൗഷാദ് മാസ്റ്റർ, പി.ജെ. ആന്റണി, കിഷോർ കുമാർ, വേണുഗോപാൽ മുംബയ് എന്നിവർ നേതൃത്വം നൽകി. പ്രമേഹം മൂലം കാൽമുട്ട് വരെ മുറിച്ചുമാറ്റിയ രമേഷിന് കൃത്രിമ കാലും, ഓട്ടിസം ബാധിച്ച തൃപ്രയാർ എ.യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിഷേകിന് വീൽചെയറും, ഹൃദ്രോഗ ബാധിതനായ അഷറഫ് ചൂലൂരിന് ഒരു മാസത്തേയ്ക്കുള്ള മരുന്നും ചടങ്ങിൽ നൽകി.