കയ്പമംഗല: മതിലകം പഞ്ചായത്ത് പതിനാലാം വാർഡിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. 124 കുട്ടികൾ പങ്കെടുത്ത ഗ്രാമസഭയിൽ പങ്കാളികളും സംഘാടകരുമെല്ലാം കുട്ടികൾ തന്നെയായിരുന്നു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലീഡർ പി.എസ്. ആഷ്മി അദ്ധ്യക്ഷയായി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ശിശുക്ഷേമ സമിതി ചെയർമാൻ ഡോ. കെ.ജി. വിശ്വനാഥൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, വാർഡ് മെമ്പർ ജെസ്‌ന ഷമീർ, ഹസ്‌ന, ശ്രീലക്ഷ്മി, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
കുട്ടികളെ പ്രതിനിധീകരിച്ച് റിഷ ജയൻ പതാക ഉയർത്തി. ടി.എസ്. സജീവൻ ആമുഖം അവതരിപ്പിച്ചു. തുടർന്ന് കൂട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിയുകയും അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും ഓരോ ഗ്രൂപ്പിൽ നിന്നും ഒരാൾ വീതം അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ നിർമ്മിച്ച് കൊണ്ടുവന്ന കരകൗശലവസ്തുക്കളുടെ പ്രദർശനവും മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. തുടർപ്രവർത്തനങ്ങൾക്കായി ആഷ്മി സുനിൽ പ്രസിഡന്റും ഹസ്‌ന സെക്രട്ടറിയുമായി ഏഴംഗ പ്രവർത്തന സമിതി രൂപീകരിച്ചു.
ഗ്രാമസഭയിൽ അവതരിപ്പിച്ച പ്രമേയങ്ങൾ
ബാലവേല ഒരിടത്തും ഉണ്ടാകരുത്, പെൺകുട്ടികളോട് വിവേചനമരുത്, ഭിന്നശേഷിക്കാർക്ക് എല്ലാവിധ സൗകര്യങ്ങളും നൽകണം, വാർഡിൽ വായനശാല തുടങ്ങണം, എല്ലാ കുട്ടികളും നീന്തൽ പഠിക്കണം, ഉച്ചഭക്ഷണം മികച്ചതാക്കണം, അദ്ധ്യാപകർ ശിക്ഷാരീതികൾ ഒഴിവാക്കണം, പുസ്തക ഭാരം കുറയ്ക്കണം, ഒരേ യൂണിഫോം നടപ്പിലാക്കണം തുടങ്ങിയ വിഷയങ്ങൾ കുട്ടികൾ പ്രമേയങ്ങളായി അവതരിപ്പിച്ചു.