 
ഗുരുവായൂർ: കലാമണ്ഡലം കഥകളി ചെണ്ട പുരസ്‌കാരം നേടിയ കലാമണ്ഡലം രാജനെ ജന്മനാട് ആദരിച്ചു. തിരുവെങ്കിടം പാന യോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. തിരുവെങ്കിടം എൻ.എസ്.എസ് ഹാളിൽ നടന്ന സമാദരണ സദസ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് സ്‌നേഹോപഹാരം സമ്മാനിച്ചു.
പാനായോഗം പ്രസിഡന്റ് ശശി വാറണാട്ട് അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. കേരള കലാമണ്ഡലം കൽപിത സർവകലാശാല മുൻ പി.ആർ.ഒയും, നിരുപകനും, എഴുത്തുകാരനുമായ വി. കലാധരൻ മുഖ്യ അനുമോദന പ്രസംഗം നടത്തി. ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം പുരസ്‌കാര ജേതാക്കളായ കെ.ടി. ഉണ്ണിക്കൃഷ്ണൻ, സി. സേതുമാധവൻ, നാനോ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ വാദ്യ പ്രതിഭ നീലകണ്ഠൻ എം. സന്തോഷ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ദേവീദാസൻ എടവന, പി.ഐ. സൈമൺ മാസ്റ്റർ, പി.എസ്. പ്രസാദ്, ബാബുരാജ് ഗുരുവായൂർ, ഉണ്ണിക്കൃഷ്ണൻ ചൊവ്വല്ലുർ, ഇരിങ്ങപ്പുറം ബാബു, രാമകൃഷ്ണൻ ഇളയത്, അബ്ദുട്ടി കൈതമുക്ക്, ഷൺമുഖൻ തെച്ചിയിൽ, രാജേഷ് പുതുമന, സി.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.