അംഗൻവാടിയുടെ മതിൽ വീണ് ഏഴ് വയസുകാരന് പരിക്കേറ്റു
കൊടുങ്ങല്ലൂർ: എറിയാട് ഒന്നാം വാർഡിലെ ഇരുപത്തിയൊന്നാം നമ്പർ അംഗൻവാടിയുടെ മതിൽ തകർന്ന് വീണ് ഏഴ് വയസുകാരന് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. മാനങ്കേരി അഷറഫ് മകൻ മുഹമ്മദ് സയാനാണ് പരിക്കേറ്റത്. എറിയാട് മതിലിൽ ഗേറ്റ് ഘടിപ്പിച്ച വലിയ തൂണാണ് തകർന്ന് സയാന്റെ കാലിൽ വീണത്. അംഗൻവാടിയുടെ ഗേറ്റിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം.
സമീപത്തുണ്ടായിരുന്ന യുവാക്കൾ തൂണിനടിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കൊടുങ്ങല്ലൂർ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുട്ടിയെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഈ ആവശ്യത്തിന് കാലങ്ങളുടെ പഴക്കം
കാലപ്പഴക്കം മൂലം അപകടാസ്ഥയിലായ മതിൽ പൊളിച്ച് പണിയണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പരിസരവാസികൾ കുറ്റപ്പെടുത്തി. പതിനഞ്ചോളം കുട്ടികളാണ് അംഗനവാടിയിൽ പഠിക്കുന്നത്. ഗേറ്റിന്റെ ശോചനീയാവസ്ഥ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുട്ടികളുടെ ജീവന് വില കൽപ്പിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ എറിയാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.