
തൃശൂർ : കലാപ ആഹ്വാനവുമായുള്ള പോസ്റ്ററിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്‌റ്റേഷന് മുന്നിലെത്തിയതോടെ ഇയാളെ പൊലീസ് ജാമ്യത്തിൽ വിട്ടു.
ജില്ലാ ജനറൽ സെക്രട്ടറി ചാവക്കാട് തൊട്ടാപ്പ് ഇത്തിക്കാട് സിദ്ദിക്കുൽ അക്ബറിനെയാണ് (38) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് ഭീകരർ മുസ്ലിം വംശഹത്യക്കൊരുങ്ങുന്നു, കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ഹിന്ദുത്വ ഭീകരതയെ കരുതിയിരിക്കുക എന്ന മുദ്രാവാക്യവുമായി ഇന്ന് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധറാലിയുടെ പോസ്റ്ററിലാണ് കലാപാഹ്വാനവുമായുള്ള പ്രചാരണം ഉണ്ടായിരുന്നത്. ഇതേത്തുടർന്ന് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു
ഇതോടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 150 ഓളം വരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈസ്റ്റ് സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. സ്റ്റേഷന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. തുടർന്ന് എ.സി.പി വി.കെ. രാജു നേതാക്കളുമായി ചർച്ച നടത്തി ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു.
ആർ.എസ്.എസ് ഒളിത്താവളം: മുഴുവൻ കുറ്റവാളികളെയും
പിടികൂടണമെന്ന് സി.പി.എം
തൃശൂർ : കള്ളായിയിൽ ആർ.എസ്.എസ് കൊലയാളി സംഘത്തിന് ഒളിത്താവളം ഒരുക്കിയ സംഭവത്തിൽ മുഴുവൻ കുറ്റവാളികളെയും പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ആവശ്യപ്പെട്ടു. ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്തിയ സംഘത്തിനാണ് കള്ളായിയിൽ ആർ.എസ്.എസ് നേതാവ് ഒളിത്താവളം ഒരുക്കിയത്. സംഭവത്തിൽ ആർ.എസ്.എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേൽ വീട്ടിൽ കെ.ടി സുരേഷ് ( സുധീഷ് 49), ആർ.എസ്.എസ് പ്രവർത്തകൻ കള്ളായി മംഗലത്ത് വീട്ടിൽ ഉമേഷ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കള്ളായി വനത്തോട് ചേർന്ന് സുരേഷിന്റെ ഭാര്യ വീടാണ് ഒളിത്താവളമായത്. അക്രമങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ആർ.എസ്.എസ് ക്രിമിനലുകളെ ഇവിടെ എത്തിക്കാറുണ്ടെന്നും സി.പി.എം ആരോപിച്ചു.