police-
കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ ഉത്തരമേഖലാ ഐ.ജി അശോക് യാദവ് സന്ദർശിക്കുന്നു

കുന്നംകുളം: കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ ഉത്തരമേഖലാ ഐ.ജി അശോക് യാദവ് സന്ദർശിച്ചു. ജില്ലാ പൊലീസ് മേധാവി: ആർ. ആദിത്യ, കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ്, സി.ഐ: വി.സി. സൂരജ് എന്നിവരും ഐ.ജിക്ക് ഒപ്പം ഉണ്ടായിരുന്നു.

10,500 ചതുരശ്രയടി വിസ്തീർണത്തിലാണ് ഹൈടെക് പൊലീസ് സ്റ്റേഷൻ വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ - ഓപറേറ്റീവ് സൊസൈറ്റി നിർമ്മിക്കുന്നത്.

ജില്ലാ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗമാണ് പ്രവൃത്തിയുടെ മേൽനോട്ടം. രൂപരേഖ തയ്യാറാക്കിയതും പ്രവർത്തനങ്ങളിൽ മുഖ്യസഹായം നൽകുന്നതും കുന്നംകുളം നഗരസഭ എൻജിനിയറിംഗ് വിഭാഗമാണ്.

2022 ജനുവരി മാസത്തിൽ നിർമ്മാണം മുഴുവൻ പൂർത്തിയാക്കി ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.

മൂന്ന് നിലകളിലായി നിർമ്മിക്കുന്ന ഹൈടെക് പൊലീസ് സ്റ്റേഷന്റെ രണ്ട് നില മുഴുവനായും നിർമ്മാണം കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഇന്റീരിയൽ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. നിലവിലെ നിർമ്മാണപുരോഗതി വിലയിരുത്തുകയും, ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. എയർ കണ്ടീഷൻ, ലിഫ്റ്റ്, ടി.വി ഹാൾ, കോൺഫറൻസ് ഹാൾ, സന്ദർശക മുറി, വാഹന പാർക്കിംഗ്, ഗാർഡൻ, കവാടം മുതലായ സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്റ്റേഷൻ.