ആലപ്പാട്: സാമൂഹിക അന്തരീക്ഷത്തെ മാറ്റിമറിച്ചത് നവോത്ഥാന പ്രസ്ഥാനമാണെന്നും അതിൽ ശ്രീനാരായണ ഗുരുവിനുള്ള സ്ഥാനം ഉന്നതമാണെന്നും റവന്യൂ മന്ത്രി കെ. രാജൻ. ആലപ്പാട് ശ്രീനാരായണ ഭക്തജന സമാജം സ്ഥാപിച്ചതിന്റെ ഒരു വർഷം നീളുന്ന നൂറാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്‌കരണ നിയമം ഉണ്ടാക്കിയ മാറ്റങ്ങൾക്കു പിന്നിലും നവോത്ഥാന പ്രസ്ഥാനത്തിന് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. നവോത്ഥാന പ്രസ്ഥാനത്തിന്റെ കരുത്തിലാണ് വൈക്കത്തും ഗുരുവായൂരിലും പിന്നീട് മാറ്റങ്ങൾ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. സമാജം പ്രസിഡന്റ് കെ.കെ. രാജേന്ദ്രബാബു അദ്ധ്യക്ഷനായി. പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
ഡയാലിസിസ് രോഗികൾക്കുള്ള ജീവകാരുണ്യ ഫണ്ട് രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട് ആവണക്കാട്ട് കളരിയിലെ അഡ്വ. എ.യു. രഘുരാമപണിക്കരിൽ നിന്ന് ഏറ്റുവാങ്ങി. സുന്നി യുവജന സംഘം സ്റ്റേറ്റ് സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ആദ്യകാല
ശ്രീനാരായണീയരെ ആദരിച്ചു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, ജനപ്രതിനിധികളായ പി.കെ. ഓമന, വിനിത ബെന്നി, ഷില്ലി ജിജമോൻ, എസ്.എൻ.ഡി.പി ആലപ്പാട് ശാഖാ സെക്രട്ടറി എൻ.ആർ. ജയപ്രകാശ്, സമാജം സെക്രട്ടറി ടി.എസ്. പ്രതീഷ്‌കുമാർ, കെ.എസ്. ബോസ് എന്നിവർ സംസാരിച്ചു.