ആമ്പല്ലൂർ : അളഗപ്പ ടെക്‌സ്റ്റയിൽസിലെ സമരം നടത്തുന്ന തൊഴിലാളികൾ ജോലിക്കെത്തിയ ഓഫീസ് ജിവനക്കാരെ തടഞ്ഞു. ശമ്പളം നൽകാത്തതിലും കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബോണസ് നൽകാത്തതിലും പ്രതിഷേധിച്ചാണ് ഓഫീസ് ജിവനക്കാരെ തടഞ്ഞ് വെച്ചത്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു തൊഴിലാളികൾ മിൽ ഗേറ്റിൽ ഉപരോധം സംഘടിപ്പിച്ചത്.
എൻ.ടിയുടെ കീഴിൽ പ്രവർത്തനം നിലച്ച 23 മില്ലുകൾക്ക് മുന്നിലും നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഓഫീസ് ജിവനക്കാരെ തടഞ്ഞുവെച്ചത്. ഉപരോധത്തെ തുടർന്ന് ഓഫീസ് ജീവനക്കാർ അകത്ത് കയറാനാകാതെ മടങ്ങിപ്പോയി. തൊഴിലാളി യൂണിയൻ നേതാക്കളായ കെ. ഗോപാലകൃഷ്ണൻ, കെ.ഉണ്ണിക്കൃഷ്ണൻ, അന്റു ഇല്ലിക്കൽ, എം.തുളസിദാസൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. നൂറോളം തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കെടുത്തു. തുടർന്ന് തൊഴിലാളികൾ ആമ്പല്ലൂരിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.