 
ഗുരുവായൂർ: പരിഷ്‌കൃത രാജ്യങ്ങൾക്ക് സമാനമായി സംസ്ഥാനത്തെ രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹ്യദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ആർ. ബിന്ദു. സമൂഹത്തിലെ ഏറെ ദുരിതമനുഭവിക്കുന്ന ജനവിഭാഗമായ ഭിന്നശേഷി കുഞ്ഞുങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും ചേർത്തുപിടിക്കാനുള്ള കണ്ടാണശേരി പഞ്ചായത്തിലെ 'നക്ഷത്രകൂടാരം' ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹജീവനം പദ്ധതിയിലുടെ ഇത്തരം കുടുംബങ്ങൾക്ക് സർക്കാർ സഹായങ്ങൾ വാതിൽപടി സേവനമാക്കി പ്രത്യേക പരിഗണനയും പിന്തുണയും നൽകി വരുന്നുണ്ട്. ബഡ്‌സ് ഹോം എന്ന പേരിൽ അസിസ്റ്റീവ് വില്ലേജുകൾ ജില്ലാ കേന്ദ്രങ്ങളിൽ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും 12.50 ലക്ഷം രൂപ ആദ്യ ഗഡുവായും തുടർ പ്രവർത്തനങ്ങൾക്കായി അനുവദിച്ച 4.10 ലക്ഷം രൂപയുമടക്കം 16.70 ലക്ഷം രൂപയും വിനിയോഗിച്ചാണ് സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്ല്യംസ് മുഖ്യാതിഥിയായി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ പദ്ധതി വിശദീകരണം നടത്തി. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.വി. വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് വൈൻ പ്രസിഡന്റ് കെ.ജി. പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ. ധനൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എൻ.എ. ബാലചന്ദ്രൻ, ഷക്കീല ഷെമീർ, നിവ്യ റനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശാരി ശിവൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷ ഉഷ പ്രഭുകുമാർ, സെക്രട്ടറി വി.ലേഖ എന്നിവർ സംസാരിച്ചു.