ഗുരുവായൂർ: നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ടെമ്പിൾ സിറ്റി ഡ്രെയിനേജിന്റേയും ഫുട്പാത്ത് പദ്ധതിയുടേയും ഉദ്ഘാടനം 30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 ന് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. 17.38 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. ഇന്നർ റിംഗ് റോഡിനും ഔട്ടർ റിംഗ് റോഡിനും പുറമെ ഗുരുവായൂരിൽ നിന്നും ആനക്കോട്ട വരേയാണ് ഫുട്പാത്ത് നിർമ്മിച്ചത്. 2018 ൽ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് പൂർത്തീകരിച്ചത്. അമൃത് പദ്ധതിക്കകത്തുള്ള ബാക്കി തുക ഉപയോഗിച്ച് രണ്ടാംഘട്ടവും നഗരസഭ ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് ചെയർമാൻ അറിയിച്ചു. നഗരസഭയിലെ കുട്ടികളുടെ പാർക്കുകൾ 30 ന് വൈകീട്ട് മുതൽ തുറന്ന് കൊടുക്കും. വൈകീട്ട് 5 മുതൽ 8 വരെ കൊവിഡ് മാനദണ്ഡം പാലിച്ചാകും പ്രവർത്തനം. നഗരസഭ ലൈബ്രറി ശനിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങുമെന്നും ചെയർമാൻ പറഞ്ഞു.

വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ. സായിനാഥൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.