കുന്നംകുളം: നല്ല വീട്, നല്ല നഗരം കാമ്പയിനിലൂടെ കുന്നംകുളം നഗരസഭ സമ്പൂർണ ഖരമാലിന്യ ശുചിത്വപദവി കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം 30 ന് ടൗൺഹാളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. ഇന്ന് സമ്പൂർണ ശുചിത്വ പ്രഖ്യാപന വിളംബര ജാഥയും നാളെ ഏകദിന സെമിനാറും നടക്കും. കുന്നംകുളം നഗരസഭ നടത്തിയ നല്ല വീട്, നല്ല നഗരം കാമ്പയിനിലൂടെ നഗരസഭയിലെ മുഴുവൻ വാർഡുകളും 2021 നവംബർ 1ന് മുമ്പായി സമ്പൂർണ നഗരമാലിന്യം ശുചിത്വ പദവി കൈവരിച്ചിരുന്നു. എ.സി. മൊയ്തീൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. ഒരുക്കങ്ങൾ പൂർത്തിയായതായി നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എം. സുരേഷ്, ടി. സോമശേഖരൻ, പ്രിയ സജീഷ്, സജിനി പ്രേമൻ, കൗൺസിലർ എ.എസ്.സുജീഷ്, സെക്രട്ടറി ടി.കെ. സുജിത്ത്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.