പാവറട്ടി: കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തനാകുകയാണ് മുല്ലശ്ശേരി പറമ്പൻതളി സ്വദേശി കണിച്ചിയിൽ ഉണ്ണിക്കൃഷ്ണൻ. മരത്തിൽ നിന്നും ചിരട്ടയിൽ നിന്നുമെല്ലാം മനോഹര രൂപങ്ങളാണ് ഈ കലാകാരന്റെ കരവിരുതിൽ പിറവി കൊള്ളുന്നത്. 20 വർഷം മുമ്പ് പ്രവാസ ലോകത്ത് നിന്ന് തിരിച്ചെത്തിയ ശേഷമാണ് കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ ഉണ്ണിക്കൃഷ്ണൻ സജീവമായത്. വീടിന് സമീപത്തുള്ള കാർപെൻഡർ സ്ഥാപനത്തിലാണ് കരകൗശല വസ്തുക്കൾ പിറവിയെടുക്കുന്നത്. കൈകൊണ്ട് നിർമ്മിച്ച സ്വർണപ്പെട്ടി, പൂർണമായും ചിരട്ടയിൽ നിർമ്മിച്ച പേന, തേക്ക് തടിയിൽ തീർത്ത കുതിര വണ്ടി, ജീപ്പ്, പീരങ്കി എന്നിവയെല്ലാം ഉണ്ണിക്കൃഷ്ണന്റെ കരവിരുതിൽ പിറവി കൊണ്ടവയാണ്. ലെറ്റർ വോൾ ക്ലോക്ക് ഉൾപ്പെടെ മരത്തടികളിൽ നിർമ്മിച്ച ഒരു ഡസനോളം ക്ലോക്കുകൾ ഉണ്ണിക്കൃഷ്ണൻ നിർമ്മിച്ചിട്ടുണ്ട്. മരം കൊണ്ട് നിർമ്മിച്ച പറക്കുന്ന വേഴാമ്പൽ കൗതുകമുണർത്തുന്നതാണ്. ഇത്തരത്തിൽ നൂറോളം കരകൗശല വസ്തുക്കളാണ് ഉണ്ണിക്കൃഷ്ണന്റെ കരവിരുതിൽ പിറവിയെടുത്തത്. കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനവും ഉണ്ണിക്കൃഷ്ണനുണ്ട്. കൈയ്യിൽ കിട്ടുന്നതെന്തിലും ശിൽ്പഭംഗി കണ്ടെത്തുന്ന ഉണ്ണിക്കൃഷ്ണൻ പുതു പരീക്ഷണളുടെ പണിപ്പുരയിലാണിപ്പോഴും.

കരകൗശല വസ്തുക്കൾ വിൽപ്പന നടത്തുന്ന കടയിലാണ് വിദേശത്തായിരുന്നപ്പോൾ ജോലി ചെയ്തിരുന്നത്. കൗരകൗശല വസ്തുക്കളോടുള്ള സ്‌നേഹവും അവ നിർമ്മിക്കണമെന്നുള്ള ആഗ്രഹവും അവിടെ നിന്നാണ് മനസിൽ വേരുറയ്ക്കുന്നത്. ജന്മനാട്ടിൽ ആ മോഹം സഫലമാക്കാനായതിൽ സന്തോഷം
-ഉണ്ണിക്കൃഷ്ണൻ-