marriage

തൃശൂർ: സഹോദരിയുടെ വിവാഹത്തിനായി വായ്പ ശരിയാകാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഗാന്ധിനഗർ കുണ്ടുവാറ പച്ചാലപ്പൂട്ട് വിപിന്റെ സഹോദരി വിദ്യയുടെ വിവാഹം ഇന്ന് പാറമേക്കാവ് ക്ഷേത്രത്തിൽ നടക്കും. കാരുണ്യത്തിന്റെ കൈകളുമായി വിപിന്റെ കുടുംബത്തെ ചേർത്തുപിടിച്ച സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ രാവിലെ 8.30നും ഒൻപതിനും ഇടയിൽ വരൻ നിധിൻ വിദ്യയെ മിന്നു ചാർത്തും. 12ന് നടക്കേണ്ടിയിരുന്ന വിവാഹം വിപിന്റെ മരണത്തെ തുടർന്നാണ് മുടങ്ങിയത്. സ്വർണമെടുക്കാനായി വായ്പ ലഭിക്കുമെന്ന ഉറപ്പിൽ വിപിൻ കുടുംബത്തെയുംകൂട്ടി നഗരത്തിലെത്തിയെങ്കിലും ബാങ്കിൽ നിന്ന് പണം കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. സ്ത്രീധനമോ സ്വർണമോ നിധിൻ ചോദിച്ചിരുന്നില്ല.