കൊടകര: കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും വിദ്യാഭ്യാസ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. അക്കാഡമിക് ഉന്നമനത്തിനായി ഫാക്കൽറ്റി സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനായാണ് സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെയും ക്രൈസ്റ്റ് കോളേജ് ഓട്ടോണമസിലെയും ജിയോളജി പഠനവകുപ്പുകൾ ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
പഠനഗവേഷണ മേഖലയിൽ ഇരുകലാലയങ്ങളുടെയും സഹകരണം ഉറപ്പിക്കുന്ന ഉടമ്പടി ആദ്യഘട്ടത്തിൽ ജിയോളജി വിഭാഗത്തിലായിരിക്കും പ്രാവർത്തികമാകുക. സഹൃദയ കോളേജിനായി എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഡേവീസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, ജിയോളജി വിഭാഗം മേധാവി ഡോ. കെ.ജെ. ഡേവീസ് എന്നിവരും, ക്രൈസ്റ്റ് കോളേജിനായി മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാംപ്പിള്ളി, പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ്, ജിയോളജി വിഭാഗം മേധാവി ഡോ. ലിന്റോ ആലപ്പാട്ട് എന്നിവരും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സഹകരണത്തിന്റെ ഭാഗമായി സെമിനാറുകൾ, സിംപോസിയങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ഇരുകലാലയങ്ങളും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.