shuchikarichuശ്രീനാരായണപുരം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി യൂണിറ്റും അഴീക്കോട് തീരദേശ പൊലീസും സംയുക്തമായി മുനയ്ക്കൽ കടൽത്തീരം ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത് നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: സേവ് ഓഷ്യൻ ലൈഫ് കാമ്പയിന്റെ ഭാഗമായി ശ്രീനാരായണപുരം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സി യൂണിറ്റും അഴീക്കോട് തീരദേശ പൊലീസും സംയുക്തമായി മുനയ്ക്കൽ കടൽത്തീരം ശുചീകരിച്ചു. ചപ്പുചവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ, വലകൾ തുടങ്ങി 500 കിലോയോളം മാലിന്യങ്ങൾ ചണ ബാഗുകളിൽ ശേഖരിച്ച് എറിയാട് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ യൂണിറ്റിൽ എത്തിച്ചു.

അഴീക്കോട് തീരദേശ പൊലീസ് മൂന്നാം തവണയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത് ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ എസ്.എച്ച്.ഒ: സി. ബിനു അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ സുമിത ഷാജി, എൻ.സി.സി ഓഫീസർ ഇ.പി. നൈസി, തീരദേശ പൊലീസ് എസ്.ഐമാരായ മണികണ്ഠൻ, ഷോബി വർഗീസ്, കെ.ബി. ശിവൻ എന്നിവർ സംസാരിച്ചു.