ചേലക്കര: തൃശൂർ ജില്ലയിൽ ബി.ജെ.പി (എൻ.ഡി.എ) ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിലൊന്നായ തിരുവില്വാമലയിൽ പ്രതിപക്ഷ കക്ഷികൾ അവിശ്വാസത്തിന് നോട്ടീസ് നൽകി. സി.പി.എം, കോൺഗ്രസ് (യു.ഡി.എഫ്) എന്നിവർ സംയുക്തമായാണ് അവിശ്വാസത്തിന് നേതൃത്വം നൽകുന്നത്. ഇതുസംബന്ധിച്ച് പ്രതിപക്ഷ പഞ്ചായത്തംഗങ്ങൾ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒയ്ക്ക് ഡിസംബർ 27 ന് കത്ത് നൽകി. അടുത്ത 15 ദിവസത്തിനുള്ളിൽ പ്രസിഡന്റിനെതിരെയും വൈസ് പ്രസിഡന്റിനെതിരെയുമുള്ള അവിശ്വാസം ചർച്ചയ്‌ക്കെടുക്കും. കെടുകാര്യസ്ഥത, മെല്ലപ്പോക്ക് നയം, പട്ടികജാതി ഫണ്ട് വിനിയോഗത്തിലെ അപാകത തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് അവിശ്വാസം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും ആറ് സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയ്ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചത്. സി.പി.എം അഞ്ച് സീറ്റുകളും നേടി. ആകെ 17 വാർഡുകളാണുള്ളത്.