പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ 252-ാമത് കമ്പിടി തിരുനാൾ 2022 ജനുവരി 4, 5, 6, 7, 8 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 100 കുടുംബങ്ങൾക്ക് 1,000 രൂപ വച്ച് ഒരു വർഷം പെൻഷൻ കൊടുക്കുന്നതിനും ഇടവകയിലെ അർഹതപ്പെട്ടവർക്ക് വിവാഹ സഹായം നൽകുന്നതിനും തിരുന്നാൾ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് ചെയർമാൻ വികാരി ഫാദർ ആന്റണി ചിറ്റിലപ്പിള്ളി, ജനറൽ കൺവീനർ സി.സി. ജോസഫ്, ജോ.ജനറൽ കൺവീനർ പി.സി. ജോയ്‌സൺ, പബ്ലിസിറ്റി കൺവീനർ സി.ജെ. സ്റ്റാൻലി എന്നിവർ അറിയിച്ചു. 250-ാം ദേവാലയ വാർഷിക ജൂബിലിയുടെ സ്മാരകമായി നവീകരിച്ച ദേവാലയത്തിൽ നടക്കുന്ന തിരുനാൾ കൊടിയേറ്റം ഈ മാസം 29 ന് വൈകീട്ട് 5.30 ന് നടക്കുന്ന ദിവ്യബലിക്കുശേഷം തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. തോമസ് കാക്കശ്ശേരി നിർവഹിക്കും. 31 ന് രാത്രി 11:30 ന് വർഷാവസാന വർഷാരംഭ പ്രാർത്ഥനയും ദിവ്യബലിയും ഷംഷാബാദ് മെത്രാപോലീത്താ മാർ.റാഫേൽ തട്ടിലിന്റെ കാർമ്മികത്വത്തിൽ നടത്തും. തിരുനാൾ സ്മരണിക പ്രകാശനം ജനുവരി നാലിന് വൈകീട്ട് 7 ന് മുരളി പെരുനെല്ലി നിർവഹിക്കും. തുടർന്ന് ഇടവകാഗങ്ങൾ അഭിനയിച്ച ടെലിഫിലിം 'ചക്രങ്ങൾ' പ്രദർശിപ്പിക്കും. ജനുവരി 5 ന് വൈകീട്ട് 7:30ന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം, പിണ്ടി തെളിയിക്കൽ എൻ.കെ.
അക്ബർ എം.എൽ.എ നിർവഹിക്കും. തേങ്ങാ വിളക്ക് തെളിയിക്കൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ നിർവഹിക്കും. ജനുവരി 6 ന് വൈകീട്ട് 5.30ന് ദിവ്യബലി, തുടർന്ന് ഭക്തിനിർഭരമായ വെസ്പരേ, തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കൽ, തിരിവെഞ്ചരിപ്പ് എന്നിവ മോൺ. ജോസ് വളൂരാൻ അവർകളുടെ കാർമ്മികത്വത്തിൽ നടത്തും. ടി.എൻ പ്രതാപൻ എം.പി കാരുണ്യ വിവാഹ സഹായ പ്രതിമാസ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ജനുവരി 7ന് രാവിലെ 10 മണിക്ക് തിരുനാൾ കുർബാന, തുടർന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം നടത്തും. തിരുനാൾ ദിനങ്ങളിൽ ദിവസവും വൈകിട്ട് 5.30 ന് വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും പ്രദക്ഷിണവും അമ്പ് എഴുന്നള്ളിപ്പും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.